ന്യൂഡൽഹി: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നതിന്‍റെ സാധുതയിൽ കേന്ദ്രത്തെ ചോദ്യം ചെയ്‌ത് സുപ്രീംകോടതി. സർക്കാരിനെതിരെ സംസാരിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് നിയമത്തെ ദുരുപയോഗം ചെയ്യുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
മഹാത്മാ ഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യ സമരസേനാനികളെ നിശബ്‌ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഒരു കൊളോണിയൽ നിയമമാണ് രാജ്യദ്രോഹ കുറ്റമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
ഐ-ടി നിയമത്തിലെ സെക്ഷൻ 66 എയിലൂടെ അഭിപ്രായങ്ങൾ സംപ്രേഷണം ചെയ്‌തതിന് ആയിരങ്ങളെ അറസ്റ്റ് ചെയ്‌ത് നിയമത്തെ ദുരുപയോഗം ചെയ്‌തതിരുന്നതിനും കോടതി ഊന്നൽ നൽകി. ഒരു ഗ്രാമത്തിലെ പൊലീസ് ഉദ്യോഗസ്ഥന് പോലും രാജ്യദ്രോഹക്കുറ്റം ചുമത്താൻ കഴിയുമെന്നും ഈ വിഷയങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Also Read: 'നിയമസഭ തകർക്കുന്നതിൽ എന്ത് പൊതുതാൽപര്യം'; സർക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി
കോടതിയുടെ ആശങ്ക പൂർണമായി മനസിലാക്കുന്നുവെന്ന് പറഞ്ഞ അഡ്വക്കേറ്റ് ജനറല്‍ രാജ്യത്തിന്‍റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി രാജ്യദ്രോഹ വ്യവസ്ഥ ഉപയോഗിക്കുന്നത് നിയന്ത്രിച്ച് കോടതിക്ക് പുതിയ മാർഗനിർദേശങ്ങൾ ഉന്നയിക്കാമെന്ന് അറിയിച്ചു. നിയമം പൂർണമായി ഒഴിവാക്കാതെ നിയമത്തിന്‍റെ ഉപയോഗത്തിന് മാർഗനിർദേശങ്ങൾ പുറത്തിറക്കാമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
മൈസുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേജർ ജനറൽ എസ്.ജി. വോംബാത്കെരെ ഐപിസി സെക്ഷൻ 124നെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.