ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ശിവസേനയിലെ ഉൾപാർട്ടി ഭിന്നതകൾ പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് എന്ന സംവിധാനം ദുരുപയോഗം ചെയ്യരുതായിരുന്നു എന്നും ഇക്കാര്യത്തിൽ ഗവർണർക്ക് തെറ്റ് പറ്റിയതായും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം ഏക്‌നാഥ് ഷിൻഡെ സർക്കാരിന് വിമർശനം നേരിട്ടുവെങ്കിലും ഉദ്ധവ് പക്ഷത്തിന് അധികാരത്തിലെത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. രാജി വെച്ചില്ലായിരുന്നുവെങ്കിൽ ഉദ്ധവ് പക്ഷത്തെ പുനഃസ്ഥാപിക്കാമായിരുന്നു എന്നും വിശ്വാസ വോട്ട് തേടാത്തതിനാല്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്‌തമാക്കി.
ശിവസേനയുടെ ഏകനാഥ് ഷിൻഡെ ക്യാമ്പ് സ്‌പീക്കറെ നിയമിച്ചത് പാർട്ടി നൽകിയ വിപ്പ് പാലിക്കാത്തതിനാൽ നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞു. വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള ഒരു വസ്‌തുതകളും ഗവര്‍ണറുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്‌പീക്കറുടെ നടപടിയും തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാര്‍ട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സ്‌പീക്കര്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതിനിടെ ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. എന്താണ് ഗവർണറെ പെട്ടെന്ന് ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും ശിവസേനയിലെ പാർട്ടി അംഗങ്ങൾ എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് എത്തുന്നത് എന്ന് അദ്ദേഹം പരിശോധിച്ചോ എന്നും കോടതി ചോദിച്ചു.
ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.