ന്യൂഡൽഹി: എല്ലാ ലിവ് ഇന്‍ ബന്ധങ്ങളും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി സുപ്രീം കോടതി തള്ളി. ആളുകളുടെ സുരക്ഷിതത്വം സംബന്ധിച്ചാണോ അതോ ലിവ് ഇന്‍ ബന്ധങ്ങളിൽ ഏർപ്പെടരുതെന്ന ആഗ്രഹത്തിന്‍റെ പുറത്താണോ ഈ ഹര്‍ജിയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു. ഹർജി നല്‍കിയ ആള്‍ക്ക് വേണ്ടി അഭിഭാഷകയായ മംമ്ത റാണിയാണ് കോടതിയില്‍ ഹാജരായത്.
സാമൂഹിക സുരക്ഷ വർധിപ്പിക്കാനാണ് ലിവ് ഇന്‍ ബന്ധം രജിസ്റ്റർ ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതെന്ന് അഭിഭാഷക സുപ്രീം കോടതിക്ക് മുന്‍പാകെ മറുപടി നൽകി. 'ലിവ് ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷനുമായി കേന്ദ്രത്തിന് എന്ത് ബന്ധമാണുള്ളത്?. ഇത് എത്രമാത്രം വിവേകമില്ലാത്ത ആശയമാണ്?. ഇത്തരത്തിലുള്ള പൊതുതാത്‌പര്യ ഹർജികൾ ഫയൽ ചെയ്യുന്നത് തടയാന്‍ വേണ്ടി, ഹര്‍ജിക്കാര്‍ക്കെതിരെ കോടതി ചെലവ് ചുമത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' - ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവർ പറഞ്ഞു.
ശ്രദ്ധ വാക്കര്‍ കൊലപാതകം ചൂണ്ടിക്കാട്ടി ഹര്‍ജി: ലിവ് ഇൻ പങ്കാളികൾ നടത്തുന്ന ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ ഇത്തരം ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ചുണ്ടിക്കാട്ടി റാണി എന്ന സ്‌ത്രീയാണ് പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്. അടുത്തിടെ ഡല്‍ഹിയില്‍ ശ്രദ്ധ വാക്കര്‍ എന്ന യുവതിയെ ലിവ് ഇൻ പങ്കാളി അഫ്‌താബ് അമീൻ പൂനാവാല കൊലപ്പെടുത്തിയത് പരാമർശിച്ചാണ് ഹർജി. ഇത്തരം കേസുകളുണ്ടാവുന്ന സാഹചര്യത്തില്‍ ലിവ് ഇന്‍ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്‌ട്രേഷൻ ചെയ്‌താല്‍ പങ്കാളികൾക്ക് പരസ്‌പരം കൃത്യമായ വിവരങ്ങൾ ലഭ്യമാകും. അവരുടെ ക്രിമിനൽ ചരിത്രം, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സർക്കാരിനും ലഭ്യമാകുമെന്നും ഈ ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ വർധനവിന് പുറമെ, സ്‌ത്രീകൾ ഫയൽ ചെയ്യുന്ന വ്യാജ ബലാത്സംഗ കേസുകളിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ലിവ് ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്നവരിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍ കാണുന്നത്. ഇത് കോടതികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ലിവ് ഇൻ ബന്ധത്തിലാണോ പങ്കാളികള്‍ ജീവിക്കുന്നത് എന്ന കാര്യം തെളിവുകളുടെ പിൻബലത്താൽ വ്യക്തമാക്കേണ്ടത് ആവശ്യമാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
ലിവ് ഇന്‍ പങ്കാളി ബലാത്സംഗം ചെയ്‌തതായി 26കാരി: ലിവ് ഇന്‍ പങ്കാളി തന്നെ പലതവണ ബലാത്സംഗം ചെയ്‌തുവെന്ന പരാതിയുമായി ഡൽഹിയിൽ നിന്നുള്ള 26കാരി രംഗത്ത്. ഇതേതുടര്‍ന്ന് ഇയാളുമായുള്ള ബന്ധം ഒഴിവാക്കിയെന്നും യുവതി പറയുന്നു. തന്‍റെ അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്‍റെ സർട്ടിഫിക്കറ്റുകൾ കൈവശപ്പെടുത്തി അത് തിരികെ നൽകുന്നില്ലെന്നും ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.