ന്യൂഡല്‍ഹി : ലൈംഗിക പീഡന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം ജാമ്യവ്യവസ്ഥകള്‍ കോടതി കടുപ്പിച്ചു. ഹൈക്കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി ജെ കെ മഹേശ്വരി എന്നിവരുടെ ബഞ്ചിന്‍റെ നടപടി.
വിജയ് ബാബുവിനോട് അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് സമൂഹ്യമാധ്യമങ്ങളില്‍ അടക്കം പോസ്റ്റുകള്‍ ഇടരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ മാത്രമേ വിജയ് ബാബുവിനെ ചോദ്യം ചെയ്യാവൂവെന്ന് ഹൈക്കോടതി നേരത്തേ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു.
Also Read: യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
എന്നാല്‍ ഇത് തിരുത്തിയ സൂപ്രീം കോടതി പൊലീസിന് എപ്പോള്‍ വേണമെങ്കിലും കേസില്‍ ഇടപെടാമെന്നും ചോദ്യം ചെയ്യാമെന്നും അറിയിച്ചു. ഇരയെ അധിക്ഷേപിക്കാനോ തെളിവ് നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ബഞ്ച് അറിയിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.