ന്യൂഡൽഹി: ദേശീയ സുരക്ഷയെ ബാധിക്കുമെന്ന നിലയിൽ പെഗാസസ് വിഷയത്തിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് പോലുള്ള സോഫ്‌റ്റ്‌വെയർ സുരക്ഷ മുൻനിർത്തി ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് പ്രതികരിച്ച കേന്ദ്രം ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ തങ്ങളുടെ നിലപാട് രേഖപ്പെടുത്താമെന്നും അറിയിച്ചു.
കേന്ദ്രത്തിന്‍റെ വിശദീകരണത്തിൽ ഹർജിക്കാർ തൃപ്‌തരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാനമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട എല്ലാ വിശദീകരണവും ഉൾക്കൊള്ളുന്നതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ALSO READ: 'പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം' ; കേന്ദ്രത്തോട് സുപ്രീം കോടതി
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, സുരക്ഷയെ ബാധിക്കാത്ത കാര്യങ്ങളിൽ മറുപടി നൽകാൻ എന്താണ് തടസമെന്നും ചോദിച്ചു.
അതേസമയം ജഡ്‌ജിമാരുടെ സുരക്ഷ കണക്കിലെടുത്ത് പെഗാസസ് വിഷയത്തിൽ സ്വമേധയാ കേസ് ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം സമിതി രൂപീകരിക്കുന്ന വിഷയം പിന്നീട് ആലോചിക്കുമെന്ന് അറിയിച്ച കോടതി പത്തു ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഹരിക്കും.