ന്യൂഡൽഹി : സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധുത ഇല്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, എസ് ആര്‍ ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടുന്ന ഇരുപതോളം ഹർജികളിൽ നിർണായക വിധികള്‍ പറഞ്ഞത്. ഇതിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ് കെ കൗളും മാത്രമാണ് സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമപരമായ സാധുതയെ പിന്തുണച്ചത്. എന്നാൽ എസ് ആര്‍ ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവർ ഈ വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഹർജികൾ തള്ളുകയായിരുന്നു.
നാല് പ്രത്യേക വിധികളാണ് വിഷയത്തിൽ സുപ്രീം കോടതി അറിയിച്ചത്. (Supreme Court On Same Sex Marriage). ജസ്‌റ്റിസ് ഹിമ കോഹ്‌ലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്‌താവന നടത്തി.വ്യക്തികൾക്ക് പങ്കാളികളെ തെരഞ്ഞെടുക്കുന്നതിന് എല്ലാ അവകാശവുമുണ്ടെന്ന് ചീഫ് ജസ്റ്റിസിന്‍റെ വിധിന്യായത്തില്‍ പറയുന്നു. സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ സെക്ഷൻ നാല് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി ഇതിൽ മാറ്റം വേണോ എന്നത് തീരുമാനിക്കാനുള്ള അധികാരം പാര്‍ലമെന്‍റിന് വിട്ടു. നിയമനിർമാണത്തിൽ കോടതി കൈകടത്തുന്നില്ലെന്നുമാണ് ചീഫ് ജസ്‌റ്റിസ് അറിയിച്ചത്.
സ്വവർഗാനുരാഗം വരേണ്യ നഗര സങ്കല്‍പ്പമോ സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതോ അല്ല. ഗ്രാമത്തിൽ ജീവിക്കുന്നവർക്കും സ്വവർഗാനുരാഗം ഉണ്ടാകാം. ഒരാളുടെ ജാതിയോ സാമൂഹിക സാമ്പത്തിക നിലയോ സ്വവർഗാനുരാഗത്തെ സ്വാധീനിക്കുന്നില്ല.
വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ ഒന്നാണെന്ന സങ്കൽപ്പം തെറ്റാണ്. നിയമനിർമ്മാണ സഭകൾ വഴി തന്നെ വിവാഹത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ദമ്പതികൾക്ക് നൽകാവുന്ന അവകാശങ്ങൾ പരിശോധിക്കണം. അതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തും.
പങ്കാളിയെ തെരഞ്ഞെടുക്കുന്നത് തുല്യതയുടെ കാര്യമാണ്. അത് വ്യക്തികളുടെ മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ്. വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും കുട്ടികളെ ദത്തെടുക്കാനും സ്വവര്‍ഗാനുരാഗികൾക്ക് അവകാശമുണ്ട്.
യോജിച്ച് കൗൾ : അതേസമയം, ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡിന്‍റെ വിധിയോട് ജസ്‌റ്റിസ് കെ എസ് കൗൾ യോജിപ്പ് അറിയിച്ചിരുന്നു. എതിർലിംഗ ബന്ധവും സ്വവർഗ ബന്ധവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് ആർട്ടിക്കിൾ 14ന്‍റെ ലംഘനമാണെന്ന് പറഞ്ഞ കൗൾ അതിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്‍റാണെന്നും പറഞ്ഞു.
വിയോജിപ്പറിയിച്ച് മൂന്ന് പേർ : ഭിന്നലിംഗ വിവാഹങ്ങൾ എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ മാര്യേജ് ആക്‌ട് നടപ്പാക്കിയതെന്നായിരുന്നു ജസ്‌റ്റിസ് രവീന്ദ്ര ഭട്ടിന്‍റെ പക്ഷം. സ്വവർഗാനുരാഗികൾ ഒന്നിച്ച് ജീവിക്കുന്നതിന് തടസമില്ല. എന്നാൽ, നിയമ സാധുത നൽകാനാവില്ല.
കുട്ടികളെ ദത്തെടുക്കുന്നതിലും ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്‌റ്റിസ് നരസിംഹ എന്നിവർ വിയോജിച്ചു. എന്നാൽ സ്വവർഗാനുരാഗികൾ ഉപദ്രവിക്കപ്പെടുന്നില്ലെന്ന് ഭരണകൂടം ഉറപ്പാക്കണമെന്നും ജസ്‌റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. ഭട്ടിന്‍റെ നിലപാടിനോട് യോജിക്കുന്നുവെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലിയും നരസിംഹയും അറിയിച്ചു.
ദത്തെടുക്കലുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സാധുതയെ കുറിച്ചുള്ള ജസ്റ്റിസ് ഭട്ടിന്‍റെ വീക്ഷണത്തോട് യോജിച്ചായിരുന്നു ജസ്‌റ്റിസ് നരസിംഹയുടെ വിധി പ്രസ്‌താവം. അതേസമയം, സ്വവർഗ ദമ്പതികൾക്ക് പിഎഫ്, ഇഎസ്ഐ, പെൻഷൻ തുടങ്ങിയ ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നതിനോട് എല്ലാവരും യോജിച്ചു.
സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന്‍റെ ഭാഗമായി സ്വവർഗ വിവാഹവും ഉൾക്കൊള്ളിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മെയ് 11ന് വാദം പൂർത്തിയായ ഹർജികളിൽ അഞ്ച് മാസത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.