ന്യൂഡല്‍ഹി: സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി. പക്ഷേ ചാനലുകള്‍ക്ക് നിയന്ത്രണം അനിവാര്യമാണെന്നും സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണം ഒട്ടും ഫലപ്രദമായില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം പല കേസുകളിലും വാര്‍ത്ത ചാനലുകള്‍ മാധ്യമ വിചാരണ നടത്തുന്നതിനെതിരായി വന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതികള്‍ക്ക് മുന്നിലുണ്ട്.
നിയന്ത്രണങ്ങള്‍ പോര: സുശാന്ത് സിങ് രജ്‌പുത് മരണപ്പെട്ട സംഭവത്തില്‍ മുംബൈ ഹൈക്കോടതി ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടായിരുന്നു ചീഫ് ജസ്‌റ്റിസിന്‍റെ ബെഞ്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന സൂചന നല്‍കിയത്. നിയമങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ വാര്‍ത്ത ചാനലുകള്‍ അവ പാലിക്കാന്‍ തയ്യാറാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്‌റ്റിസിന് പുറമെ ജസ്‌റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പിഴ പരിഗണിക്കണോ: ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ പരിപാടികളിലൂടെ ഉണ്ടാക്കുന്ന ലാഭത്തിന് ആനുപാതികമായി പിഴ ഈടാക്കേണ്ടി വരും. ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നത് ഫലപ്രദമാവുമോ എന്ന് ചീഫ് ജസ്‌റ്റിസ് അഭിഭാഷകരോട് ആരാഞ്ഞു. ഇതിനര്‍ത്ഥം മാധ്യമങ്ങള്‍ക്ക് പ്രീ സെന്‍സര്‍ഷിപ്പോ പോസ്‌റ്റ് സെന്‍സര്‍ഷിപ്പോ കൊണ്ടുവരും എന്നല്ലെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
ചാനലുകള്‍ക്ക് വിമര്‍ശനം: സുശാന്ത് സിങ്ങ് രജ്‌പുത് കേസില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ടാണ് ചാനലുകള്‍ പെരുമാറിയത്. പലപ്പോഴും ക്രിമിനല്‍ കേസ് അന്വേഷണം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ അപ്പ്ലിങ്കിങ്ങ് ഡൗണ്‍ ലിങ്കിങ്ങ് മാര്‍ഗനിര്‍ദേശങ്ങളിലും കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നും കോടതി അറിയിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി എന്‍ബിഡിഎക്കെതിരായ മുംബൈ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കാമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന ചാനലുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടുമെന്നും വ്യക്തമാക്കി.
അതേസമയം മാര്‍ഗനിര്‍ദേശം ലംഘിച്ചതിന് ഏതെങ്കിലും ചാനലിനെതിരെ ഉത്തരവുണ്ടാവുകയാണെങ്കില്‍ അവയുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് വാദത്തിനിടെ എന്‍ബിഡിഎ അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലല്ല സ്വയം നിയന്ത്രണം കാര്യക്ഷമമാവുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതികരിച്ച് കോടതി: വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തിൽ മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ വിദ്വേഷ പ്രസംഗങ്ങളും, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണവും സംബന്ധിച്ച് ഉയർന്ന ആഹ്വാനത്തിനെതിരെ മാധ്യമ പ്രവർത്തകനായ ഷഹീൻ അബ്‌ദുള്ള നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. സമുദായങ്ങൾക്കിടയിൽ സൗഹാർദവും സ്‌നേഹവും ഉണ്ടാകണമെന്നും അത് പാലിക്കേണ്ടത് എല്ലാ സമുദായങ്ങളുടേയും ഉത്തരവാദിത്തമാണെന്നും പറഞ്ഞ കോടതി വിദ്വേഷ പ്രസംഗങ്ങൾ നല്ലതല്ലെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കിയിരുന്നു.