ന്യൂഡൽഹി : ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ (ഇപിഎഫ്) വിഹിതം അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി.
തൊഴിൽ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർക്ക് കരുതൽ ധനം ഉറപ്പാക്കാനുള്ള 'എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് & മിസലേനിയസ് പ്രൊവിഷൻസ് ആക്ട്', ഏതൊരു സ്ഥാപനത്തിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാമൂഹിക സുരക്ഷ നൽകുന്നതിനും ഇരുപതോ അതിലധികമോ ആളുകൾക്ക് തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള നിയമനിർമാണമാണെന്നും കോടതി ഓർമിപ്പിച്ചു.
ALSO READ:വായ്‌പാതട്ടിപ്പ് : 'വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി തിരികെ നല്‍കിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നിരീക്ഷണം. പ്രൊവിഡന്‍റ് ഫണ്ടിന് നിർബന്ധിത കിഴിവ് വരുത്താനും ഇപിഎഫ് ഓഫിസിലെ തൊഴിലാളികളുടെ അക്കൗണ്ടിൽ ഫണ്ട് നിക്ഷേപിക്കാനും ഈ നിയമപ്രകാരം തൊഴിലുടമ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ഇപിഎഫിന്‍റെ വിഹിതം നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.