ന്യൂഡൽഹി : കോടതികൾ രാവിലെ നേരത്തെ പ്രവർത്തനം ആരംഭിക്കണമെന്ന് സുപ്രീം കോടതി ജഡ്‌ജ് ജസ്‌റ്റിസ് യുയു ലളിത്. കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്‌കൂളിൽ പോകാമെങ്കിൽ അഭിഭാഷകർക്കും ജഡ്‌ജിമാർക്കും എന്തുകൊണ്ട് രാവിലെ 9 മണിക്ക് കോടതിയിൽ എത്തിക്കൂടെന്ന് അദ്ദേഹം ചോദിച്ചു.സുപ്രീം കോടതിയിലെ ജഡ്‌ജിമാർ നിലവിൽ രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെയാണ് കേസുകൾ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ജസ്‌റ്റിസ് യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് പതിവിലും ഒരു മണിക്കൂർ നേരത്തെ 9.30 ക്ക് കേസ് പരിഗണിക്കാൻ ആരംഭിച്ചത് അഭിഭാഷകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷമാണ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസ് ആകാനിരിക്കുന്ന ജഡ്‌ജിയുടെ പരാമർശം. രാവിലെ 9.30ന് കോടതികൾ ആരംഭിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.
കോടതികൾ നേരത്തെ തുടങ്ങാനായാൽ ജോലികള്‍ നേരത്തേ തീർക്കാമെന്നും, അടുത്ത ദിവസത്തേക്കുള്ള കേസ് ഫയലുകൾ വായിക്കാൻ വൈകുന്നേരങ്ങളിൽ ജഡ്‌ജിമാർക്ക് കൂടുതൽ സമയം ലഭിക്കുമെന്നും ജസ്‌റ്റിസ് യുയു ലളിത് അഭിപ്രായപ്പെട്ടു. എൻവി രമണ ഓഗസ്‌റ്റിൽ വിരമിക്കുന്നതോടെ പുതിയ ചീഫ് ജസ്‌റ്റിസായി യുയു ലളിത് ചുമതലയേൽക്കും.