ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), ഡയറക്‌ടർ സഞ്ജയ് കുമാർ മിശ്രയ്‌ക്ക്, ഈ വര്‍ഷം സെപ്റ്റംബർ 15 വരെ സര്‍വീസ് കാലാവധി നീട്ടി നല്‍കി സുപ്രീം കോടതി. ദേശീയ താത്‌പര്യം കണക്കിലെടുത്താണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് അനുമതിയെന്ന് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സാധാരണ സാഹചര്യങ്ങളിൽ ഇഡി ഡയറക്‌ടറെ സര്‍വീസില്‍ കൂടുതല്‍ കാലം തുടരാൻ കോടതി അനുവദിക്കില്ലാറില്ലെങ്കിലും കേന്ദ്ര വാദം പരിഗണിക്കുകയായിരുന്നെന്നും ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച്, മിശ്രയുടെ കാലാവധി നീട്ടണമെന്നുള്ള ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. ഇഡി തലപ്പത്തിരിക്കാൻ യോഗ്യതയുള്ള ഒരാള്‍ മാത്രമേ ഇപ്പോള്‍ ഉള്ളുവോയെന്നും ഇത് വകുപ്പിന്‍റെ മനോവീര്യം കെടുത്തുന്ന സ്ഥിതിയല്ലേയെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.
നിരവധി ചോദ്യങ്ങളുമായി സുപ്രീം കോടതി: ചീഫ് ജസ്റ്റിസായി തുടരാൻ മറ്റൊരാള്‍ക്ക് സാധിച്ചില്ലെങ്കിൽ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെയെന്ന്, ഇഡിയുടെ പുതിയ തലവന്‍റെ നിയമനവുമായി ബന്ധപ്പെടുത്തി ജസ്റ്റിസ് ഗവായ് ചോദിച്ചു. ഇഡി ഡയറക്‌ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ജൂലായ് 31നകം, ഈ വര്‍ഷം ഒക്‌ടോബർ 15 വരെ നീട്ടാനാണ് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഈ വാദം പൂര്‍ണമായും അനുവദിക്കാതെ ഒരു മാസം കുറച്ച് സെപ്‌റ്റംബര്‍ 15വരെ അനുമതി നല്‍കുകയായിരുന്നു കോടതി.
ഇപ്പോൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്‌എടിഎഫ്) നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്‍റെ നിർണായക ഘട്ടത്തിലാണ് ഇപ്പോള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളുള്ളത്. ഇക്കാരണം കൊണ്ട് തന്നെ ഓഫിസിന്‍റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടർച്ച വേണ്ടതുണ്ട്, അത് രാജ്യത്തെ സഹായിക്കുമെന്നും മേത്ത കോടതിയോട് പറഞ്ഞു. നിലവില്‍ മിശ്ര ചെയ്യുന്ന കാര്യങ്ങള്‍ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുന്ന ഒന്നല്ലെന്നും മേത്ത ചൂണ്ടിക്കാട്ടി.
'അത് പറയാമായിരുന്നെങ്കിലും പറഞ്ഞില്ല': സഞ്ജയ് കുമാര്‍ മിശ്രയെ ഇഡി ഡയറക്‌ടറായി 2019 നവംബര്‍ 19നാണ് നിയമിച്ചത്. രണ്ടുവര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് ഈ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു. 2020 മെയില്‍ വിരമിക്കാനുള്ള പ്രായപരിധിയായ 60ല്‍ അദ്ദേഹം എത്തിയെങ്കിലും സര്‍ക്കാര്‍ മറ്റൊരാളെ ഈ പദവിയിലേക്ക് നിയമിച്ചില്ല. നേരത്തേ കാലാവധി നീട്ടി നല്‍കിയ സര്‍ക്കാര്‍, വീണ്ടും നീട്ടാനുള്ള നീക്കത്തെയാണ് കോടതി വിമര്‍ശിച്ചത്.
നിയമന കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് പറയുകയോ സാധാരണഗതിയില്‍ ഇത് ശരിയല്ലെന്ന് കോടതിക്ക് പറയാമായിരുന്നെങ്കില്‍ പോലും അതിന് നില്‍ക്കാതെ ജൂലൈ 31 വരെ സമയം നൽകിയെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. വിഷയത്തിൽ പ്രധാന വാദം കേൾക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍, എഫ്എടിഎഫിന്‍റെ നേട്ടത്തക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ഹർജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എഎം സിങ്വി വാദിച്ചു. രാജ്യം മുഴുവൻ ഒരാളുടെ ചുമലിൽ ഇരിക്കുന്നത് പോലെയാണ് സഞ്ജയ് കുമാർ മിശ്രയെ ഈ ചുമതലയില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പറഞ്ഞു.