ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് നാളെ(നവംബര്‍ 8) വിരമിക്കും. പടിയിറങ്ങുന്നത് ഏറ്റവും കുറഞ്ഞ കാലയളവ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന് നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രഗത്ഭനായ സിജെഐ. അവധി ദിനമായ നാളെ വരെ കാലാവധിയുണ്ടെങ്കിലും ഇന്നാണ് അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനം.
അഭിഭാഷകനും ജഡ്‌ജിയുമായുള്ള ജീവിതം താന്‍ ഒരുപാട് ആസ്വദിച്ചുവെന്ന് യുയു ലളിത് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം തന്‍റെ പിന്‍ഗാമിയായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും ജസ്റ്റിസ് ബേല എം ത്രിവേദിക്കുമൊപ്പം അവസാന ബെഞ്ച് പങ്കിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്‌ച ജസ്റ്റിസ് ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡിവൈ ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്‌റ്റിസായി ചുമതലയേല്‍ക്കും.
ചന്ദ്രചൂഡിന് സ്ഥാനം കൈമാറുന്നത് വലിയ വികാരമാണെന്ന് യുയു ലളിത് പറഞ്ഞു. നടപടിക്രമം അനുസരിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ അനുസരിച്ച് സ്ഥാനമൊഴിയുന്നതിന് മുമ്പ് നിലവിലെ ചീഫ് ജസ്റ്റിസ് തന്‍റെ പിന്‍ഗാമിയെ സ്ഥാനം ഏല്‍പ്പിക്കുന്നത് കീഴ്‌വഴക്കമാണ്. യുയു ലളിതില്‍ നിന്ന് സ്ഥാനമേല്‍ക്കുന്ന ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റിസും മുംബൈ ഹൈക്കോടതിയിലെ ജഡ്‌ജിയുമായിരുന്നു.
കോടതി നമ്പര്‍ 1 ലൂടെയാണ് ഈ കോടതിയില്‍ തന്‍റെ ജോലി ആരംഭിച്ചതെന്ന് ലളിത് പറഞ്ഞു. വിരമിക്കുകയായതുകൊണ്ട് കോടതിയില്‍ കെട്ടികിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ യുയു ലളിത് നടപടികള്‍ സ്വീകരിച്ചിരുന്നു. ലളിതിന്‍റെ മുന്‍ഗാമിയായ ജസ്റ്റിസ് എന്‍.വി രമണ പല കേസുകളിലും ഭരണഘടന ബെഞ്ച് രൂപീകരിക്കാതെയാണ് വിരമിച്ചത്. അതുകൊണ്ട് യുയു ലളിത് അതില്‍ മാറ്റം കൊണ്ട് വന്നു. അഞ്ച് ഭരണഘടന ബെഞ്ചുകള്‍ അദ്ദേഹം രൂപീകരിച്ചു.
'ഞാന്‍ ഈ ബാറിലൂടെയാണ് വളര്‍ന്ന് വന്നത്, ബാറിനായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നൊരു തോന്നല്‍ എനിക്കുണ്ടെന്നും' അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതിയില്‍ ലളിത് സ്വീകരിച്ച പരിഷ്‌കാരങ്ങളില്‍ തുടര്‍ച്ച ഉണ്ടാകുമെന്ന് നിയുക്ത സിജെഐ ചന്ദ്രചൂഡ് യുയു ലളിതിന് ഉറപ്പ് നല്‍കി.
1957 നവംബർ ഒമ്പതിനാണ് യുയു ലളിത് ജനിച്ചത്. 2014 ഓഗസ്റ്റ് 13നാണ് ബാറില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനായി. 1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും 1985 ഡിസംബർ വരെ ബോംബെ ഹൈക്കോടതിയിൽ പരിശീലനം തുടരുകയും ചെയ്‌തു.
തുടര്‍ന്ന് 2022 ഓഗസ്റ്റ് 27ന് 49-ാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തു. അഭിഭാഷ വൃത്തിയില്‍ നിന്ന് സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തി കൂടിയാണ് യുയു ലളിത്. 2ജി സ്പെക്‌ട്രം ഉള്‍പ്പെടെയുള്ള കേസില്‍ വിചാരണ നടത്താൻ സിബിഐയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജസ്റ്റിസ് ലളിതിനെ നിയമിച്ചിരുന്നു.
മുത്തലാഖ് നിരോധനവും ലൈംഗിക താത്‌പര്യത്തോടെ കുട്ടികളുടെ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതെല്ലാം ലൈംഗീകപീഡനമായി കണക്കാക്കാമെന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചതും യുയു ലളിത് ആയിരുന്നു.