ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ (സിഎഎ) ഹർജി സുപ്രീം കോടതി മാറ്റിവച്ചു. സെപ്‌റ്റംബര്‍ 19 തിങ്കളാഴ്‌ചയാണ് ഈ ഹര്‍ജി ഇനി കോടതി പരിഗണിക്കുക. ചീഫ് ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് 220 ഹർജികളാണ് സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ചില പുതിയ ഹർജികളിൽ കോടതി കേന്ദ്രത്തിന്‍റെ പ്രതികരണം തേടുകയും ചെയ്‌തു. സിഎഎ കേസ് മൂന്നംഗ ബെഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള നിരീക്ഷണവും കോടതി രേഖപ്പെടുത്തി. കക്ഷികളിലും പലരും ഹാജരാവാന്‍ അസൗകര്യം അറിയിക്കുകയും മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം.
ALSO READ| പൗരത്വ ഭേദഗതി നിയമം : ഇരുന്നൂറിലധികം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
2019ലാണ് സിഎഎക്കെതിരായ ഹരജികള്‍ ഫയല്‍ ചെയ്‌തത്. അതേസമയം, ഹർജികൾ തിരിച്ചറിയുന്നതിന്‍റെയും വേർതിരിക്കുന്നതിന്‍റെയും ആവശ്യകത സംബന്ധിച്ച് കോടതി സോളിസിറ്റർ ജനറലിന്‍റെ ഓഫിസിന് നിര്‍ദേശം നല്‍കി. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഹര്‍ജി പരിഗണിക്കുന്നത് എളുപ്പത്തിൽ ചെയ്യാമെന്നും കോടതി അഭിപ്രായപ്പെട്ടു.