ന്യൂഡൽഹി: 'സുള്ളി ഡീൽസ്' ആപ്പിന്‍റെ സൃഷ്‌ടാവ് എന്ന് കരുതപ്പെടുന്നയാളിന്‍റെ ലാപ്‌ടോപ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. ഇൻഡോറിൽ നിന്നാണ് ആപ്പിന്‍റെ സൃഷ്‌ടാവ് ഓംകാരേശ്വർ താക്കൂറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുള്ളി ഭായ് ആപ്പിന്‍റെ സൂത്രധാരൻ നീരജ് ബിഷ്‌ണോയിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സുള്ളി ഡീൽസ് ആപ്പിന്‍റെ സൃഷ്‌ടാവിനെ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് ഡൽഹി പൊലീസ് ഡിസിപി കെപിഎസ് മൽഹോത്ര പറഞ്ഞു.
ഇൻഡോറിലെ ന്യൂയോർക്ക് സിറ്റി ടൗൺഷിപ്പ് നിവാസിയായ 26കാരനായ ഓംകാരേശ്വർ കമ്പ്യൂട്ടർ ബിരുദധാരിയാണ്. ഓംകാർ താക്കൂർ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രതി മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താനുള്ള ആശയം പങ്കുവച്ചിരുന്നത്.
2021 ജൂലൈയിലാണ് മുസ്ലിം സ്ത്രീകളെ ലേലം ചെയ്യുന്നതിനായി ഗിറ്റ്‌ഹബ്ബിൽ സുള്ളി ഡീൽ ആപ്പ് നിർമിക്കുന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തതോടെയാണ് വിവരം പുറംലോകമറിയുന്നത്. കഴിഞ്ഞ ആറ് മാസമായി ഡൽഹി പൊലീസ് കേസ് അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ ബുള്ളി ബായ് ആപ്പ് കേസിന്‍റെ സൂത്രധാരൻ നീരജ് ബിഷ്‌ണോയിയെ അസമിലെ ജോർഹട്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് സുള്ളി ഡീൽ ആപ്പ് നിർമാതാവിനെ കുറിച്ച് വിവരം ലഭിക്കുന്നത്.
നീരജ് ബിഷ്‌ണോയിയും ഓംകാരേശ്വർ താക്കൂറും ഇന്‍റർനെറ്റ് വഴിയായിരുന്നു പരസ്‌പരം ബന്ധപ്പെട്ടിരുന്നത്. അവർ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എന്ന് ഡൽഹി പൊലീസ് അറിയിച്ചു. 2020 ജനുവരിയിൽ @gangescionBK എന്ന ട്വിറ്റർ അക്കൗണ്ട് വഴി ട്രേഡ് മഹാസഭ എന്ന ഗ്രൂപ്പ് ഓംകാരേശ്വറുമായി ബന്ധപ്പെട്ടിരുന്നു. മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുകയും തുടർന്ന് ഗിറ്റ്ഹബ്ബിൽ സുള്ളി ഡീൽ അപ്പ് നിർമിക്കുകയുമായിരുന്നു.
കേസ് പുറത്തുവന്നതോടെ പ്രതി തന്‍റെ സമൂഹ മാധ്യമങ്ങളെല്ലാം ഡിലീറ്റ് ചെയ്‌തു. ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ പ്രതിയെ ചോദ്യം ചെയ്യുകയും ആപ്പുമായി ബന്ധപ്പെട്ട കോഡുകളും ഫോട്ടോകളും കണ്ടെത്തുന്നതിനായി സാങ്കേതിക മാർഗങ്ങൾ തേടുകയുമാണ്.
കേസിൽ മറ്റ് പലരും പ്രതികളാണെന്ന ഓംകാരേശ്വറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തുകയാണ്.
Also Read: 'സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവ് പിടിയിൽ ; അറസ്റ്റിലായത് 26കാരൻ