ജയ്പൂര്‍: ശ്രീരാഷ്ട്രീയ രജപുത് കര്‍ണി സേവ ദേശീയ അധ്യക്ഷന്‍ സുഖദേവ് സിങ് ഗൊഗാമെദിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാന്‍ പൊലീസ്. സുഖദേവിനെ വെടിവച്ചവരില്‍ ഒരാള്‍ സൈനികനാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതികള്‍ക്കായി വലവിരിച്ച് കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. Sukhdev Singh Gogamedi murder case
രോഹിത് റാത്തോഡ്, നിതിന്‍ ഫൗജ്‌ദാര്‍ എന്നിവരെയാണ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മറ്റൊരു പ്രതിയെ സിങിന്‍റെ അംഗരക്ഷകര്‍ പ്രത്യാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. തലസ്ഥാനനഗരമായ ജയ്‌പൂരിലെ ശ്യാം നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ കയറിയാണ് സിങിനെ വെടിവച്ച് കൊലപ്പെടുത്തിയത്.
പ്രതിയായ നിതിന്‍ സൈനികനാണ്. ഹരിയാന സ്വദേശിയാണ് ഇയാള്‍. റോഹിത് റാത്തോഡ് രാജസ്ഥാനിലെ നാഗൂര്‍ സ്വദേശിയും. നിതിന്‍ നവംബറില്‍ അവധിക്ക് വീട്ടിലെത്തിയതാണ്. ഇയാള്‍ക്ക് ഝോട്‌വാരയില്‍ ഒരു തുണിക്കടയുമുണ്ട്. ഹരിയാനക്കാരനായ ഇയാള്‍ രാജസ്ഥാനില്‍ നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
സുഖദേവിനെയും ഇദ്ദേഹത്തിന്‍റെ സഹായി നവീനെയുമാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. മൂന്ന് അക്രമികളാണ് സംഘത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ സിങിന്‍റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വെടിയാണ് സുഖദേവ് സിങിന് ഏറ്റത്. മാനസസരോവറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ അംഗരക്ഷകന്‍ അജിത് സിങിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.
മുന്‍ നിശ്ചയിച്ചപ്രകാരം സിങുമായി സംസാരിക്കാനാണ് അക്രമികള്‍ വീട്ടിലെത്തിയത്. സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. രോഹിത് ഗോദാര ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് രാജസ്ഥാന്‍ പൊലീസ് മേധാവി ഉമേഷ് മിശ്ര അറിയിച്ചു. ബിക്കാനീറിലും അടുത്ത ജില്ലകളിലും പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. സിങിന്‍റെ കൊലപാതകത്തിന് പിന്നാലെ രജപുത് സമൂഹം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്.
Read more: രജ്‌പുത് കര്‍ണിസേന തലവന് ദാരുണ അന്ത്യം; സുഖദേവ് സിങ്ങിനെ അഞ്ജാത സംഘം വെടിവച്ച് കൊന്നു