ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി തട്ടിപ്പ് കേസില്‍ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍. സുകേഷ് എഴുതിയ കത്തിലാണ് കെജ്‌രിവാളിനെ വിമര്‍ശിച്ചിരിക്കുന്നത്. തന്‍റെ പക്കല്‍ നിന്ന് 50 കോടി രൂപ സ്വീകരിച്ച് രാജ്യസഭ സീറ്റ് വാഗ്‌ദാനം ചെയ്‌തു എന്നാണ് സുകേഷ് കത്തില്‍ പറയുന്നത്.
'ഞാന്‍ രാജ്യത്തെ ഏറ്റവും വലിയ കൊള്ളക്കാരനാണെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് തന്നോട് 50 കോടി വാങ്ങിയത്', കത്തില്‍ സുകേഷ് ചോദിച്ചു. കെജ്‌രിവാളിനും എഎപി നേതാക്കളായ കൈലാഷ് ഗെലോട്ട്, സത്യേന്ദ്ര ജെയിൻ എന്നിവര്‍ക്കെതിരെ ഡല്‍ഹി ഗവര്‍ണര്‍ക്ക് സുകേഷ് പരാതി നല്‍കിയതായും കത്തില്‍ പറയുന്നു.
'2016ല്‍ കർണാടകയിലെയും തമിഴ്‌നാട്ടിലെയും ആം ആദ്‌മി പാർട്ടി സീറ്റുകള്‍ക്ക് പകരമായി 500 കോടി രൂപ സംഭാവന നല്‍കാന്‍ 20 മുതല്‍ 30 വരെ വ്യക്തികളെ കൊണ്ടുവരാന്‍ നിങ്ങള്‍ എന്തിനാണ് എന്നെ നിര്‍ബന്ധിച്ചത്', സുകേഷ് കത്തില്‍ ചോദിക്കുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന എഎപി നേതാവ് സത്യേന്ദ്ര ജെയിനോടൊപ്പം കെജ്‌രിവാള്‍ 2016ല്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സുകേഷ് ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തതായും കത്തില്‍ ആരോപണമുണ്ട്.
ബെംഗളൂരു മുന്‍ പൊലീസ് കമ്മിഷണര്‍ ഭാസ്‌കർ റാവു സര്‍വിസിന് ശേഷം എഎപിയില്‍ ചേരുമെന്ന് ഉറപ്പിക്കുന്നതിനായി അദ്ദേഹത്തെ പിന്തുടരാന്‍ എന്തിനാണ് തന്നെ നിര്‍ബന്ധിച്ചതെന്നും കെജ്‌രിവാളിനോട് സുകേഷ് കത്തില്‍ ചോദിക്കുന്നു. '2017ല്‍ ജെയിന്‍ എന്നെ കാണാന്‍ ജയിലില്‍ വന്നപ്പോള്‍ താങ്കള്‍ എന്നോട് ഫോണില്‍ സംസാരിച്ചത് എന്തിനായിരുന്നു? കറുപ്പ് നിറത്തിലുള്ള ഐ ഫോണില്‍ എന്‍റെ കോണ്‍ടാക്‌റ്റ് എകെ-2 എന്നാണ് സേവ് ചെയ്‌തിരുന്നത്', കത്തില്‍ പറയുന്നു.
'തമിഴ്‌നാട്ടിലെ ചില എംഎൽഎമാരെയും അഭിനേതാക്കളെയും ആം ആദ്‌മി പാർട്ടിയിൽ ചേരാനായി നിര്‍ബന്ധിക്കാന്‍ ജെയിന്‍ വഴി എന്നോട് ആവശ്യപ്പെട്ടത് എന്തിനാണ്? 2016ലും 2017ലും എന്തിനാണ് എന്‍റെ മേൽ നിരന്തരമായ സമ്മർദം ചെലുത്തിയത്? കെജ്‌രിവാള്‍ ജി, എനിക്ക് നേരെ വിരല്‍ ചൂണ്ടി ഈ വിഷയം രാഷ്‌ട്രീയമാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ നിങ്ങള്‍ ശ്രമിക്കും.
ഞാനും നിങ്ങളും നിങ്ങളുടെ അനുയായികളും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും സംഭാഷണങ്ങളുടെയും തെളിവുകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു. നിയമത്തിന് മുമ്പില്‍ നിങ്ങള്‍ ഉത്തരം നല്‍കേണ്ട സമയമാണിത്. ഞാന്‍ ഒരിക്കലും പിന്നോട്ടു പോകില്ല', സുകേഷ് ചന്ദ്രശേഖര്‍ കത്തില്‍ പറഞ്ഞു.