കൊൽക്കത്ത : ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ 'അപ്രതീക്ഷിതമായി' സന്ദര്‍ശിച്ചതില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ ആശങ്ക. സ്വാമി തൃണമൂലിലേക്കോ എന്ന ചോദ്യമുയര്‍ന്നതാണ് ആശങ്കയ്‌ക്ക് വഴിവച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയില്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്കെത്തിയാണ് സ്വാമി, മമതയെ കണ്ടത്. ഇരുവരും തമ്മില്‍ ഹ്രസ്വ കൂടിക്കാഴ്ചയാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നീക്കത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നുമാണ് മമതയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ വ്യാഴാഴ്‌ച സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. "ഇന്ന്, കൊൽക്കത്തയിലെത്തി ഊര്‍ജസ്വലയായ മമത ബാനർജിയെ ഞാന്‍ കണ്ടു. ധീരയായ ഒരു വ്യക്തിയാണ് അവര്‍. സി.പി.എമ്മിനെതിരായ പോരാട്ടത്തിലും കമ്മ്യൂണിസ്റ്റുകാരെ തുരത്തിയതിലും അവരെ ഞാന്‍ അഭിനന്ദിച്ചു" - കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ ട്വിറ്ററില്‍ പങ്കുവച്ച് സ്വാമി കുറിച്ചു.
മോദിയും ഷായുമായി അകന്ന് സ്വാമി : നിലവില്‍, സുബ്രഹ്മണ്യൻ സ്വാമി കാവി രാഷ്‌ട്രീയം വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കനപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായുള്ള സ്വാമിയുടെ സൗഹൃദം കുറച്ചുകാലമായി നല്ലരീതിയില്‍ അല്ല മുന്നോട്ടുപോവുന്നത്. ഇക്കാരണം തന്നെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ പറയുകയും ബംഗാളിന് നൽകാനുള്ള 1,00,968.44 കോടിയുടെ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന മമതയുടെ ഈ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് സ്വാമിയുടെ നീക്കം.
ഷായ്‌ക്കെതിരെ സ്വാമിയുടെ ഒളിയമ്പ് : ഒരു സാമ്പത്തിക വിദഗ്‌ധന്‍ കൂടിയായ സുബ്രഹ്മണ്യൻ സ്വാമി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ എതിരാളികളെ ശക്തമായി നേരിട്ട് ശ്രദ്ധ നേടിയിരുന്നു. സ്വന്തം പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹം 'മിടുക്ക്' തെളിയിക്കുകയുണ്ടായി. നിരവധി വിഷയങ്ങളിലാണ് സ്വാമി സ്വന്തം പര്‍ട്ടിയായ ബി.ജെ.പിയെ കടന്നാക്രമിച്ചത്. ഐ.പി.എൽ ഫൈനല്‍ സംബന്ധിച്ച് ഒത്തുകളി ആരോപണങ്ങള്‍ ഉയര്‍ത്തി ജൂലൈ മാസം സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.
ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസും സഞ്‌ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസും തമ്മിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിനെതിരെ ആയിരുന്നു മുതിർന്ന ബി.ജെ.പി നേതാവിന്‍റെ ആരോപണ ശരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മകന്‍ ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായ്ക്കെതിരെയുമായിരുന്നു സ്വാമിയുടെ ഒളിയമ്പ്.
ടാറ്റ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫലത്തിൽ കൃത്രിമം നടന്നതായി ഇന്‍റലിജൻസ് വിഭാഗങ്ങളിൽ വ്യാപകമായ സംശയമുണ്ട്. ഇത്തരമൊരു അന്തരീക്ഷം നീക്കാൻ അന്വേഷണം വേണ്ടതുണ്ട്. അതിന് പൊതുതാത്‌പര്യ ഹര്‍ജി തന്നെ വേണ്ടിവരും. അമിത് ഷായുടെ മകൻ ബി.സി.സി.ഐ തലവനായതുകൊണ്ട് സർക്കാർ നേരിട്ട് അന്വേഷണം നടത്തില്ലെന്നും ട്വീറ്റിൽ സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുകയുണ്ടായി.
'ബി.ജെ.പി വിജയം, ഹിന്ദു വോട്ടുനേടി': ബി.ജെ.പി വോട്ടെടുപ്പിനെ നേരിടുന്നത് ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വച്ചാണെന്ന് ഇ.ടി.വി ഭാരതിന് ഈ വര്‍ഷം ജനുവരിയില്‍ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. രാജ്യത്തെ ഹിന്ദു വോട്ടുകള്‍ നേടിയാല്‍ ബി.ജെ.പി വിജയിക്കും.ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ദൈവം സ്വപ്‌നത്തില്‍ വന്ന് പറയുന്നു എന്ന് തുടങ്ങിയ പ്രസംഗങ്ങള്‍ ഇതിന്‍റെ ഭാഗമാണെന്നും സ്വാമി ആരോപിക്കുകയുണ്ടായി.
ചൈന അതിര്‍ത്തി ലംഘിച്ചോ എന്ന് താന്‍ സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പ്രതികരിക്കാനാകില്ലെന്നായിരുന്നു ബി.ജെ.പി സര്‍ക്കാറിന്‍റെ നിലപാട്. ഇത് ശരിയല്ല. ഒന്നുകില്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈനികര്‍ സര്‍ക്കാറിന് തെറ്റായ വിവരങ്ങള്‍ കൈമാറുന്നുണ്ട്. അതല്ലെങ്കില്‍ സര്‍ക്കാര്‍ എന്തോ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'ബി.ജെ.പിയില്‍ ജനാധിപത്യമില്ലാതാവുന്നു': പാര്‍ട്ടിയില്‍ ജാനാധിപത്യം കുറഞ്ഞു വരികയാണ്. എല്ലാവരും പാര്‍ട്ടിക്ക് അടിപ്പെടണം എന്ന നയമാണ് പുറത്തുവരുന്നത്. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി ജനുവരിയില്‍ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി വലിയ ചര്‍ച്ചയായിരുന്നു. ഇത് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. 2021 ല്‍ ഒക്‌ടോബറിലാണ് കേന്ദ്ര സർക്കാർ ലേലത്തിന് വച്ച എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് വാങ്ങാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് സ്വമി രംഗത്തെത്തിയിരുന്നത്.
ലേലനടപടികളിൽ അഴിമതി നടന്നുവെന്നും പൊതുതാത്പര്യത്തിന് എതിരാണെന്നും ഹർജിയിൽ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ലേലം ഏകപക്ഷീയവും ടാറ്റ ഗ്രൂപ്പിന് അനുകൂലമായ രീതിയിലായിരുന്നുവെന്നും ഹർജിയിൽ സ്വാമി ചൂണ്ടിക്കാട്ടുകയുണ്ടായി.