ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്തെ വായു ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിച്ചെന്ന് പഠനം. യുകെയിലെ സതാംപ്‌ടൺ സര്‍വകലാശാല, ഇന്ത്യയിലെ ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണ പഠനമാണ് വായു ഗുണനിലവാരം മെച്ചപ്പെട്ടെന്ന് കണ്ടെത്തിയത്. പ്രധാന നഗരങ്ങളിലെ ഉപരിതല താപനില കുറയ്ക്കുന്നതിനും ലോക്ക്ഡൗണ്‍ സഹായകരമായെന്ന് പഠനം ചൂണ്ടികാട്ടി.
ലോക്ക്‌ഡൗണിന് മുന്‍പും ശേഷവും
ഡല്‍ഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന നഗരങ്ങളിലെ ലോക്ക്ഡൗണിന് മുന്‍പും ശേഷവുമുള്ള ഡാറ്റ താരതമ്യം ചെയ്‌തായിരുന്നു പഠനം. 2020 മാർച്ച് മുതൽ മെയ് വരെയുള്ള ലോക്ക്ഡൗൺ കാലത്തെ വിശദാംശങ്ങളാണ് ഉപയോഗിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്‍റിനൽ -5 പി, നാസയുടെ മോഡിസ് സെൻസറുകൾ തുടങ്ങിയ ഭൗമ നിരീക്ഷണ സെൻസറുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഗവേഷകര്‍ ഉപരിതല താപനിലയിലും അന്തരീക്ഷ മലിനീകരണത്തിലും എയറോസോളിലുമുള്ള മാറ്റങ്ങൾ അളന്നത്.
വാതകങ്ങള്‍ പുറന്തള്ളുന്നത് കുറഞ്ഞു
ലോക്ക്‌ഡൗണ്‍ കാലത്ത് നൈട്രജൻ ഡയോക്സൈഡ് (NO2) പുറന്തള്ളുന്നതില്‍ ഇന്ത്യയിലാകമാനം ശരാശരി 12 ശതമാനവും ആറ് നഗരങ്ങളില്‍ 31.5 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 40 ശതമാനം കുറവുണ്ടായി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഉപരിതല താപനില (എൽഎസ്‌ടി) കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.
Read more: ഡൽഹിയിലെ വായു നിലവാരം മോശം വിഭാഗത്തിൽ തന്നെ
സുസ്ഥിര നഗരവികസനവുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. അന്തരീക്ഷ മലിനീകരണത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും നരവംശ പ്രവർത്തനങ്ങൾ വായു ഗുണനിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കാനും ഭൗമ നിരീക്ഷണത്തിലൂടെ സാധിക്കുമെന്ന് പഠനം തെളിയിച്ചെന്നും ഗവേഷകര്‍ പറഞ്ഞു.