മുംബൈ : ഇരുകൈകള്‍ കൊണ്ടും എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ഒരു സ്കൂള്‍. നാസിക്കിലെ സില്ല പരിഷദ് സ്‌കൂളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. നാസിക്കില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ ത്രയംബകേശ്വര്‍ താലൂക്കിലെ ഹിവാളി ഗ്രാമത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടുത്തെ എല്ലാ വിദ്യാര്‍ഥികളും ഇരുകൈകളും ഉപയോഗിച്ച് എഴുതും. രണ്ട് വ്യത്യസ്‌ത വിഷയങ്ങളാണ് ഒരേ സമയം ഇരുകൈകളും ഉപയോഗിച്ച് എഴുതുന്നത് എന്നതാണ് പ്രത്യേകത. കിന്‍റര്‍ഗാര്‍ഡന്‍ മുതല്‍ തന്നെ കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നുണ്ട്.
നാനൂറില്‍ താഴെ ആളുകള്‍ മാത്രമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ഹിവാളി ഗ്രാമത്തില്‍ വസിക്കുന്നത്. ഗോത്ര വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ പ്രകൃതിയോടിണങ്ങിയുള്ളതാണ് ഇവരുടെ ജീവിതവും. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് കുടിലുകളിലായാണ്.
അവധി ദിനമില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സ്‌കൂള്‍ : വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണിത്. ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സ്‌കൂളിന്‍റെ പ്രവര്‍ത്തന സമയം. ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ 1000 വരെയുള്ള ഗുണനപട്ടിക, പൊതുവിജ്ഞാനം, ദേശീയ പാതകള്‍, ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിക്കുന്ന കാര്യങ്ങള്‍, രാജ്യതലസ്ഥാനങ്ങള്‍ തുടങ്ങിയവ കാണാതെ പറയും.
മാത്രമല്ല, മത്സര പരീക്ഷകളില്‍ കണക്കിലും യുക്തിപരമായ ചോദ്യങ്ങളിലും വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. പ്രിന്‍സിപ്പാളായ കേശവ് ഗവിട്ടാണ് സ്‌കൂളിനെ ഇത്തരത്തില്‍ പ്രശസ്‌തിയിലേയ്‌ക്ക് നയിച്ചത്. പുസ്‌തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് പുറമെ ഓരോ വിദ്യാര്‍ഥിയും ഭാവിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലികളെ സംബന്ധിച്ചും പരിശീലനം നല്‍കുന്നുണ്ടെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഭാവി ജോലികളെ അടിസ്ഥാനമാക്കിയും പഠനം : എട്ട് മണിക്കൂര്‍ പാഠപുസ്‌തകങ്ങളെ അടിസ്ഥാനമാക്കി പരിശീലനം നല്‍കുമ്പോള്‍ ബാക്കിയുള്ള ഏഴ് മണിക്കൂറില്‍ ഭാവിയിലെ ജോലി സംബന്ധമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം നല്‍കുന്നത്. പ്ലംബര്‍, ഇലക്‌ട്രീഷ്യന്‍, കൊത്തുപണി, പെയിന്‍റിങ് തുടങ്ങിയ ജോലികളില്‍ പരിശീലനം നല്‍കുന്നുണ്ട്.
ALSO READ:മുഖം മാറ്റാനൊരുങ്ങി ധാരാവി; 5000 കോടിയുടെ പുനർനിർമാണ കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
സ്‌കൂളിന്‍റെ മാത്രമല്ല, ഗ്രാമത്തിലുള്ള മുഴുവന്‍ ചുമരുകളും വിദ്യാര്‍ഥികളുടെ വര്‍ളി പെയിന്‍റിങ്ങുകളാല്‍ അലംകൃതമാണ്. രണ്ട് നേരത്തെ ഭക്ഷണം സ്‌കൂളില്‍ നിന്ന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അതിനാല്‍ തന്നെ മാതാപിതാക്കള്‍ക്ക് ജോലിയ്‌ക്ക് പോകുന്നതില്‍ തടസമില്ല.
ഡോക്‌ടര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നീളുന്നു വിദ്യാര്‍ഥികളുടെ ഭാവി ലക്ഷ്യങ്ങള്‍. സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ 100 ശതമാനം വിജയമാണ് ഇവര്‍ കരസ്ഥമാക്കുന്നത്.