ചണ്ഡിഗഡ്: കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പിൻവലിച്ച് സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ഹരിയാനയിലെ 83 വിദ്യാര്‍ഥികള്‍ക്കും എട്ട് അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ സ്‌കൂളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി അനില്‍ വിജ് നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പഠനമാണ് സംസ്ഥാനത്ത് പുനരാരംഭിച്ചത്.
ജിന്ദിലെ 11 വിദ്യാര്‍ഥികള്‍ക്കും എട്ട് അധ്യാപകര്‍ക്കും രെവാരിയിലെ 12 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 72 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി സ്‌കുളുകളില്‍ കൊവിഡ് പരിശോധന ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ചവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ രണ്ടാഴ്‌ചത്തേക്ക് അടച്ചതായി വിദ്യാഭ്യാസമന്ത്രി കൻവാര്‍ പാല്‍ ഗുജ്ജര്‍ പറഞ്ഞു. സംസ്ഥാനത്ത് തുറന്ന സ്‌കൂളുകളില്ലെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടത് സ്‌കൂള്‍ അധികൃതരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹരിയാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2562 പുതിയ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,07,039 ആയി. ഇതില്‍ 1,85,403 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2093 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.