കാണ്‍പൂർ (ഉത്തര്‍ പ്രദേശ്): വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. കാണ്‍പൂർ ജില്ലയിലെ ബിധാനു പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു ഇന്‍റർ കോളജിലാണ് സംഭവം. പരസ്‌പരമുള്ള പ്രശ്‌നത്തിന്‍റെ പേരിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ മറ്റൊരാളെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ഥി കൊല്ലപ്പെടുന്നത്.
സംഭവം ഇങ്ങനെ: ബിധാനു പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രയാഗ് വിദ്യാ മന്ദിർ ഇന്‍റർ കോളജില്‍ തിങ്കളാഴ്‌ചയാണ് (31.07.2023) സംഭവം നടക്കുന്നത്. രാവിലെ 10.30 ഓടെ സ്‌കൂളിൽ എന്തോ കാര്യത്തെ ചൊല്ലി വിദ്യാര്‍ഥികള്‍ ഇരുവരും തമ്മിൽ തർക്കമുണ്ടായി. എന്നാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ പിന്തിരിച്ച് രണ്ടുവഴിക്ക് അയച്ചുവെങ്കിലും ഒരാള്‍ കത്തിയുമായെത്തി മറ്റൊരാളെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ വിദ്യാർഥിയെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ വിദ്യാര്‍ഥി മരിച്ചതായി ഡോക്‌ടര്‍മാർ സ്ഥിരീകരിച്ചു. ഇതോടെ പ്രതിയായ വിദ്യാർഥിയെ പൊലീസ് കസ്‌റ്റഡിയിലുമെടുത്തു.
വിശദീകരണവുമായി പൊലീസ്: താനാ ബിധാനുവിലെ ന്യൂ ആസാദ് നഗർ ചൗക്കി ഏരിയയിലുള്ള പ്രയാഗ വിദ്യാ മന്ദിർ ഇന്‍റർ കോളജിൽ തിങ്കളാഴ്ച രണ്ട് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായി. രാവിലെ 10.30 ഓടെയാണ് തർക്കമുണ്ടായത്. ഇതിനിടെ വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സൗത്ത് എഡിസിപി അങ്കിത ശർമ പറഞ്ഞു.
സംഭവത്തിൽ പ്രതിയായ വിദ്യാർഥിയെ അറസ്‌റ്റ് ചെയ്യുകയും സംഭവത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കടം' എടുത്ത ജീവന്‍: കടം വാങ്ങിയ 500 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം ഡൽഹിയിൽ യുവാവിനെ സുഹൃത്തുക്കൾ കുത്തികൊലപ്പെടുത്തിയിരുന്നു. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം അരങ്ങേറിയത്. കേസിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജീരാബാദ് സംഗം വിഹാർ സ്വദേശിയായ ഫൈസാനാണ് കൂട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അടുത്തിടെ ഫൈസാൻ സുഹൃത്തുക്കളുമായി നേരിയ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇവരിൽ ഒരാൾ ഫൈസാന്‍റെ വീട്ടിലെത്തി അയാളെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ശേഷം വീട്ടുകാർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കി. എന്നാൽ സംഭവദിവസം രാത്രി ഫൈസാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്ന് യുവാക്കൾ ഇയാളുടെ വീടിന് മുന്നിൽ വച്ച് കത്തി ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ ഫൈസാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞുനിർത്തി മൂന്നു നാല് തവണ കൂടി കുത്തുകയായിരുന്നു. ഫൈസാന്‍റെ നിലവിളി കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.