ജൗൻപുർ (ഉത്തർ പ്രദേശ്) : അധ്യാപകൻ വെയിലത്ത് നിർത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു (Student dies after punishment). ഇന്നലെ സ്‌കൂളിൽ നിന്ന് നേരത്തെ പോകാൻ അനുവാദം ചോദിച്ചതിനെ തുടർന്നാണ് വിദ്യാർഥിയെ വെയിലത്ത് നിർത്തിയത്. ഉത്തർ പ്രദേശിലെ മിർഗഞ്ചിലെ ബന്ധ്വ ബസാറിലെ കാഞ്ചൻ ഗേൾസ് സ്‌കൂളിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത് (Kanchan Girls School in Bandhwa Bazar Uttar Pradesh). ബന്ധ്വ ബസാറിലെ താമസക്കാരനായ ഹിരാലാൽ സരോജിന്‍റെ മകനാണ് ജീവൻ നഷ്‌ടമായത്.
സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയാണ് പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണത്. സ്‌കൂൾ മാനേജരും ഹെഡ്‌മാസ്റ്ററും ചേർന്നാണ് വിദ്യാർഥിയെ ക്രൂരമായ ശിക്ഷയ്‌ക്ക് വിധേയമാക്കിയത്. അധ്യാപകന്‍റെ നിർദയമായ പ്രവൃത്തിയാണ് തന്‍റെ മകന്‍റെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്ന് പിതാവ് ഹിരാലാൽ സരോജ് പ്രാദേശിക അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു(Student dies after teacher made him stand in the sun).
കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ പ്രതിഷേധിച്ച കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. മച്‌ലിഷാഹറിലെ ഡെപ്യൂട്ടി ജില്ല മജിസ്‌ട്രേറ്റും പൊലീസും പ്രതിഷേധത്തിനിടെയുള്ള സംഘർഷം പരിഹരിക്കാനെത്തിയിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വേഗത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തന്‍റെ മകനെ കഠിനമായ ശിക്ഷയ്‌ക്ക് വിധേയനാക്കിയെന്ന് ആരോപിച്ച് ഹിരാലാൽ സരോജ് ഔദ്യോഗികമായി പരാതി നൽകിയതായി മച്‌ലിഷാഹർ സിഒ അട്ടർ സിങ് പറഞ്ഞു. കൂടുതൽ സമയം വെയിലത്ത് നിർത്താനുള്ള അധ്യാപകന്‍റെ തീരുമാനം വിദ്യാർഥിയെ തളർത്തി. തുടർന്ന് സ്‌കൂളിൽ നിന്ന് മടങ്ങിയ വിദ്യാർഥി വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് തളർന്നുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ : Teachers suspended Uttar Pradesh: വിദ്യാർഥികളെ കൊണ്ട് വിശറി വീശിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ
ഉത്തർപ്രദേശിലെ ഹപൂരിൽ വിദ്യാർഥികളെ കൊണ്ട് വിശറി വീശിപ്പിച്ച അധ്യാപകർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഹപൂരിലെ സിംഭവോലിയിലെ പിർനഗർ ഗ്രാമത്തിലെ കോമ്പോസിറ്റ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെ വിദ്യാർഥികൾ അധ്യാപകർക്ക് വിശറി വീശിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. സ്‌കൂളിലെ രണ്ട് അധ്യാപകരെയാണ് സസ്പെൻഡ് ചെയ്‌തത്.
ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിന് കീഴിലായി അധ്യാപകരിൽ ഒരാൾ പൂക്കൾ വിതറുന്നത് വീഡിയോയിൽ കാണാം. ഒരു വിദ്യാർഥി പ്ലേറ്റിൽ പൂക്കളുമായി അധ്യാപികയ്‌ക്ക് അരികിൽ നിൽക്കുന്നതും മറ്റൊരു വിദ്യാർഥി അധ്യാപികയ്‌ക്ക് വീശിക്കൊടുക്കുന്നതും കാണാമായിരുന്നു. ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ മറ്റൊരു അധ്യാപിക കസേരയിൽ ഇരിക്കുന്നതും അടുത്ത് നിന്ന് ഒരു വിദ്യാർഥി വീശിക്കൊടുക്കുന്നതും വ്യക്തമാണ്. സ്‌കൂളിലെത്തിയ രക്ഷിതാവ് പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്‌ത്‌ത്.