ഭോപാല്‍: മധ്യപ്രദേശിലെ ഭിന്ദില്‍ വിദ്യാര്‍ഥി സ്‌കൂള്‍ ബസില്‍ കുഴഞ്ഞ് വീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ഡോക്‌ടര്‍മാര്‍. ഹൃദയാഘാതം മൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിതെന്നും ഡോക്‌ടർമാരുടെ സംഘം വ്യക്തമാക്കി. 12 വയസുകാരനായ മനീഷ് ജാതവാണ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
വ്യാഴാഴ്‌ചയാണ് സംഭവം. ഉച്ചയ്‌ക്ക് സഹോദരനൊപ്പം സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങും വഴി ജാതവ് ബസില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതമാണ് മരണത്തിന് കാരണമെന്നും അപൂര്‍വ്വമായ ഒരു സംഭവമാണിതെന്നും ജില്ല ആശുപത്രി സർജൻ ഡോ.അനിൽ ഗോയൽ പറഞ്ഞു.
അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അച്ഛന്‍ കോമല്‍ പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ നിരക്ക് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഡോ. ഗോയല്‍ പറഞ്ഞു. നവജാത ശിശുക്കളിലും മുതിർന്ന കുട്ടികളിലും പെട്ടെന്നുള്ള മരണങ്ങൾ സാധാരണമാണെന്നും എന്നാല്‍ ഹൃദയാഘാതം മൂലമുള്ള മരണം വളരെ അപൂര്‍വ്വമാണെന്നും ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ഡോ. ആർ.കെ മിശ്ര പറഞ്ഞു.
കുടുംബത്തിന് അറിയാത്ത ചില രോഗങ്ങള്‍ കുട്ടിക്ക് ഉണ്ടായതോ അല്ലെങ്കില്‍ കൊവിഡിന്‍റെ അനന്തരഫലമോ ആവാം മരണത്തിന് കാരണമായതെന്നും ഡോ.ഗോയല്‍ കൂട്ടിച്ചേര്‍ത്തു. മരണം ഹൃദയഘാതം മൂലമാണെന്ന് ഡോക്‌ടര്‍ വ്യക്തമാക്കിയതോടെ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് വീട്ടുകാർ തീരുമാനിച്ചു.