നെല്ലൂർ (ആന്ധ്രാപ്രദേശ്) : നെല്ലൂരിലെ സ്വകാര്യ കോളജിലെ ബി.ടെക് വിദ്യാർഥിനി സ്വയം ഗർഭഛിദ്രം നടത്തുന്നതിനിടെ ക്ലാസ് മുറിയിൽ മരിച്ചു. മരിപ്പാട് മണ്ഡലം സ്വദേശിനിയായ 19 കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഈ മാസം 11നായിരുന്നു സംഭവം. സുഹൃത്തുക്കൾ എത്തി നോക്കിയപ്പോഴാണ് അമിത രക്തസ്രാവവുമായി പെണ്‍കുട്ടിയെ ക്ലാസ് മുറിയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് ആറ് മാസം പ്രായമുള്ള ഭ്രൂണവുമുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏപ്രിൽ 11 ന് കോളജിലെത്തിയ വിദ്യാർഥിനി സുഹൃത്തുക്കളെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കി ഒറ്റയ്‌ക്ക് അകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിൽ സംശയം തോന്നിയ സുഹൃത്തുക്കൾ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കടുത്ത രക്തസ്രാവവുമായി ക്ലാസ് മുറിയിൽ ബോധരഹിതയായ നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ തൊട്ടടുത്ത് ആറ് മാസത്തോളം പ്രായമുള്ള ഭ്രൂണത്തെയും കണ്ടെത്തിയിരുന്നു. ഉടൻ തന്നെ കോളജ് അധികൃതരും സഹപാഠികളും ചേർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പെണ്‍കുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് നെല്ലൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചു.
അതേസമയം പെണ്‍കുട്ടി ഇന്‍റർനെറ്റിൽ നിന്ന് വീഡിയോ കണ്ട് സ്വയം ഗർഭഛിദ്രം നടത്തിയതാകാമെന്നാണ് പൊലീസ് നൽകുന്ന വിവരം. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 19 കാരിക്ക് അനന്തസാഗറിലെ കാർ ഡ്രൈവറുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.
പെണ്‍കുഞ്ഞിന് ജന്മം നൽകി 16കാരി: ഇക്കഴിഞ്ഞ മാർച്ച് 16ന് ഇടുക്കി കുമളിക്ക് സമീപം 16 കാരിയായ സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചിരുന്നു. വീട്ടിൽവച്ചായിരുന്നു വിദ്യാർഥിനി പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂളിൽ കഴിഞ്ഞ വർഷം വരെ ഒരുമിച്ച് പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും ഇയാളുടേതാണ് കുഞ്ഞെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാള്‍ക്കും പ്രായപൂർത്തിയായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈയിൽ ഗർഭഛിദ്ര നിരക്ക് വർധിക്കുന്നു : അതേസമയം മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾക്കിടയിലെ ഗർഭഛിദ്ര നിരക്ക് വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ മുംബൈ കോർപറേഷൻ പുറത്തുവിട്ടിരുന്നു. 2022 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള കാലയളവിലെ കണക്കുകളിലാണ് ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ 15നും 19നും ഇടയിൽ പ്രായമുള്ള 348 പേർ ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ പുറത്തുവന്നത്. ഇതിൽ 15 വയസിൽ താഴെയുള്ള 17 ഗർഭഛിദ്രങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മുംബൈയിലെ ബൈക്കുള ഏരിയയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ബലാത്സംഗ കേസുകൾ മൂലമുള്ള ഗർഭഛിദ്രങ്ങളുടെ എണ്ണം ബൈക്കുള മേഖലയിൽ കൂടുതലാണ്. 37 ഗർഭഛിദ്രങ്ങളാണ് ബൈക്കുളയിൽ നടന്നത്. ബൈക്കുള മേഖലയില്‍ 74ശതമാനം കേസുകൾ ബലാത്സംഗം മൂലം ഗർഭം ഉണ്ടാകുന്നതാണെന്നും ഇവയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.