ഗോണ്ട (യുപി) : ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ആറംഗ സംഘം ക്രൂരമായി മര്‍ദിച്ചു. ഗോണ്ട ജില്ലയിലെ മന്‍കാപുര്‍ കോത്ത്‌വാലിയിലാണ് നടുക്കുന്ന സംഭവം. മര്‍ദനത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മന്‍കാപുര്‍ കോത്ത്‌വാലി മേഖലയില്‍ ഐടിഐയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തുവച്ചാണ് വിദ്യാര്‍ഥിക്ക് നേരെ അതിക്രമമുണ്ടായത്. വടിയും ബെല്‍റ്റും ഉപയോഗിച്ച് വിദ്യാര്‍ഥിയെ മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വിദ്യാര്‍ഥിയുടെ വസ്‌ത്രവും അക്രമി സംഘം നിർബന്ധിച്ച് അഴിച്ചുമാറ്റി.
Also read: സോഷ്യൽ മീഡിയ വഴി അപമാനിച്ചെന്ന് ആരോപണം; കൊല്ലത്ത് യുവാവിന് ക്രൂരമർദനം
ദേഹമാസകലം രക്തവുമായി വിദ്യാർഥി ജീവന് വേണ്ടി കൈകൂപ്പുന്നതും വീഡിയോയില്‍ കാണാം. മര്‍ദിച്ച് അവശനാക്കിയ ശേഷം വിദ്യാര്‍ഥിയെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. മർദനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.