ചെന്നൈ: ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്‌തനായ നര്‍ത്തകന്‍ രമേഷിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി ഭാര്യ ഇൻബവല്ലി. ചൊവ്വാഴ്‌ചയാണ്(16.08.2022) ഇന്‍ബവല്ലി ചെന്നൈ പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ പരാതി നല്‍കിയത്. ഓഗസ്റ്റ് 11 മുതലാണ് രമേഷിനെ കാണാതായത്.
സുഹൃത്തുക്കളായ രഞ്‌ജിത്ത് കുമാറും ജയ്‌രാജ് കുമാറും രമേഷിനെ ഷൂട്ടിങിന് കൊണ്ട് പോയിരുന്നു. എന്നാല്‍ അതിന് ശേഷം രമേഷ് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രമേഷിന്‍റെ ആദ്യ ഭാര്യ ചിത്ര തട്ടിക്കൊണ്ട് പോയി മയക്കുമരുന്ന് നല്‍കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന വിവരം ലഭിച്ചെന്ന് ഇന്‍ബവല്ലി പറഞ്ഞു.
വിവരമറിഞ്ഞ ഇന്‍ബവല്ലി രമേഷിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ചിത്ര വധഭീഷണി മുഴക്കിയെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു. താനും രണ്ട് പെണ്‍മക്കളും സുരക്ഷിതരല്ലെന്നും തങ്ങള്‍ക്ക് ഉടന്‍ സംരക്ഷണം നല്‍കണമെന്നും ഭര്‍ത്താവിനെ രക്ഷിക്കണമെന്നും ഇന്‍ബവല്ലി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം താന്‍ 24 വര്‍ഷം മുമ്പ് രമേഷിന്‍റെ ഭാര്യയായിരുന്നു എന്നാല്‍ 10 വര്‍ഷം മുമ്പ് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്നുമായിരുന്നു ചിത്രയുടെ മറുപടി.
എന്നാല്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നും തുടര്‍ന്ന് ചിത്രയ്‌ക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രമേഷ് പറഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും രമേഷ് പറഞ്ഞു. പരാതി പുളിയന്തോപ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചു.
മൂര്‍മാര്‍ക്കറ്റ് ഭാഗത്തെ വഴിയോര കടയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്ന രമേഷിന് ചെറുപ്പം മുതലെ നൃത്തത്തോട് താത്‌പര്യമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് നൃത്തം റീൽസ് വീഡിയോ ആയി ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്‌തത്.
അതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ അദ്ദേഹത്തിന് ടെലിവിഷന്‍ ചാനലിലെ നൃത്ത പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചു.