ഈറോഡ്: തമിഴ്‌നാട്ടില്‍ തെരുവുനാടക കലാകാരന്‍ പരിപാടിക്കിടെ മരിച്ചു. കുപ്പന്‍തുറൈ സ്വദേശി രാജയ്യനാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ കുപ്പന്‍തുറൈ ഗ്രാമത്തില്‍ മഴ പെയ്യിക്കാനായാണ് രാജയ്യന്‍ ഉള്‍പ്പെടെയുള്ള സംഘം നാടകം അവതരിപ്പിച്ചത്. ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന 'ഇരണ്യ' നാടകം അവതരിപ്പിച്ചാല്‍ പ്രദേശത്ത് മഴ പെയ്യുമെന്നാണ് വിശ്വാസം. നാടകത്തിലെ പ്രധാന കഥാപാത്രമായ നാരദര്‍ നരസിംഹനായാണ് രാജയ്യന്‍ വേഷമിട്ടത്.
ജൂലൈ 17-ാം തിയതി ആയിരുന്നു പരിപാടി. രാത്രി മുഴുവന്‍ നീളുന്ന നാടകം അവതരിപ്പിക്കുന്നതിനിടെ രാജയ്യന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആദ്യം നാടകത്തിലെ രംഗമാവാം ഇതെന്നാണ് കാഴ്‌ചക്കാര്‍ വിചാരിച്ചത്. എന്നാല്‍ സഹപ്രവര്‍ത്തകര്‍ ഓടിയെത്തി വിളിച്ചതോടെ അപകടം മനസിലായി. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Also Read: video: സ്റ്റേജില്‍ കുഴഞ്ഞുവീണ് ഭരതനാട്യം കലാകാരൻ, സംഭവം മകളും വിദ്യാർഥികളും നോക്കി നില്‍ക്കെ