ദാവൻഗരെ (കർണാടക): വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് അജ്ഞാതർ കല്ലേറ് നടത്തിയത്. കല്ലേറിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകളുടെ ചില്ലുകൾ തകർന്നു. ശനിയാഴ്‌ച ഉച്ചയോടെ തീവണ്ടി ദാവൻഗരെ നഗരത്തിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സംഭവം.
കരൂർ ഗുഡ്‌സ് ഷെഡിൽ നിന്ന് ദേവരാജ അരശു കോളനിയിലേക്കുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്‍റെ ഇടത് വശത്താണ് ആക്രമികൾ കല്ലെറിഞ്ഞത്. ട്രെയിനിന്‍റെ 3, 4 കോച്ചുകളുടെ ഗ്ലാസ് ജനലുകളാണ് തകർന്നത്. തുടർന്ന് ട്രെയിൻ ദാവൻഗരെ റെയിൽവേ സ്റ്റേഷനിലെത്തിയതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തുടർന്ന് ഇവർ ദാവൻഗരെ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത റെയിൽവേ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ വകുപ്പ് ഇത് ഗൗരവമായി എടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം ട്രെയിൻ പരിശോധനകൾക്കായി നിർത്തിയതിനാൽ ദാവൻഗരെ സ്റ്റേഷനിൽ നിന്ന് വൈകിയാണ് പുറപ്പെട്ടത്. ബെംഗളൂരുവിനും - ധാർവാഡിനും ഇടയിൽ നാല് ദിവസം മുൻപാണ് വന്ദേ ഭാരത് എക്‌സ്‌പ്രെസ് ട്രെയിൻ സർവീസ് ആരംഭിച്ചത്.
പതിവായി തുടരുന്ന കല്ലേറ് : അതേസമയം വന്ദേ ഭാരത് പുറത്തിറക്കിയതിന് ശേഷം നിരവധി തവണയാണ് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ആറിന് വിശാഖപട്ടണത്ത് വച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അറ്റകുറ്റപണികൾക്കായി വിശാഖപട്ടണത്ത് എത്തിയ ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
ഇതിന് ദിവസങ്ങൾക്ക് മുൻപ് സെക്കന്തരാബാദിൽ നിന്ന് വരികയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ ഖമ്മം- വിജയവാഡ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് കല്ലേറുണ്ടായിരുന്നു. ജനുവരിയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വച്ചും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. വിശാഖപട്ടണം കഞ്ചാരപാലത്തിന് സമീപം വച്ചാണ് ട്രെയിനിന്‍റെ ചില്ലുകൾക്ക് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്.
മാർച്ച് 12ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്കയ്‌ക്ക് സമീപം വച്ചും ട്രയിനിന് നേരെ കല്ലേറുണ്ടായിരുന്നു. 2023 ജനുവരിയിൽ ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്തിന് സമീപവും വന്ദേഭാരത് ട്രെയിനിന്‍റെ രണ്ട് കോച്ചുകൾക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.
കല്ലേറ് കേരളത്തിലും : നേരത്തെ കേരളത്തിലോടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രെസിന് നേരെ രണ്ട് തവണ കല്ലേറുണ്ടായിരുന്നു. മെയ് ഒന്നിനാണ് മലപ്പുറം തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ട് മുൻപ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ട്രെയിനിന്‍റെ ചില്ലിന് വിള്ളൽ സംഭവിച്ചിരുന്നു.
മെയ് എട്ടിന് കണ്ണൂർ വളപട്ടണത്ത് വച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായിരുന്നു.