ചെന്നൈ : തമിഴ്‌നാട്ടിൽ മൈസൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെ 4.15 ന് പുരട്‌ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. അജ്‌ഞാതരുടെ ആക്രമണത്തിൽ രണ്ട് കോച്ചുകളുടെ ചില്ലുകൾ തകർന്നു.
സെൻട്രൽ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ബേസിൻ ബ്രിഡ്‌ജ് റെയിൽവേ യാർഡ് കടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. തുടർന്ന് യാത്രക്കാർ നൽകിയ പരാതിയിൽ ചെന്നൈ സെൻട്രൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ച് 28ന് ചെന്നൈ - മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ എസ് 14 കോച്ചിന്‍റെ ചില്ല് തകർന്നിരുന്നു. വാണിയമ്പാടിക്ക് അടുത്ത് വച്ചാണ് സംഭവം. തുടർന്ന് ജോലാർപേട്ടിൽ വെച്ച് ആർപിഎഫ് പൊലീസ് പ്രതിയെ പിടികൂടി.
കർണാടകയിൽ ട്രെയിനിന് നേരെ കല്ലേറ് : കഴിഞ്ഞ മാസം കർണാടകയിൽ ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞിരുന്നു. ആക്രമണത്തിൽ ട്രെയിനിന്‍റെ 3, 4 കോച്ചുകളുടെ ചില്ലുകൾ തകർന്നു. ട്രെയിൻ ദാവൻഗരെ നഗരത്തിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്. കരൂർ ഗുഡ്‌സ് ഷെഡ്ഡില്‍ നിന്ന് ദേവരാജ അരശ് കോളനിയിലേക്കുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. വന്ദേ ഭാരതിന്‍റെ ഇടത് വശത്താണ് ആക്രമികൾ കല്ലെറിഞ്ഞത്.
also read : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ; ആക്രമണം അഞ്ചാം തവണ
തുടർക്കഥയായി ട്രെയിനിന് നേരെ കല്ലേറ് : വിവിധ സംസ്ഥാനങ്ങളിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ പലയിടങ്ങിലും ട്രെയിനിന് നേരെ ആക്രമണം റിപ്പോർട്ട് ചെയ്‌തിരുന്നു. ഏപ്രിൽ ആറിനാണ് വിശാഖപട്ടണത്ത് വച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി വിശാഖപട്ടണത്ത് എത്തിയ ട്രെയിനിന് നേരെ ചിലർ കല്ലെറിയുകയായിരുന്നു.
ഇതിന് മുൻപ് സെക്കന്തരാബാദിൽ നിന്ന് വരികയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ ഖമ്മം- വിജയവാഡ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചും ജനുവരിയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വച്ചും വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. മാർച്ച് 12ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്കയ്‌ക്ക് സമീപം വച്ചും ജനുവരിയിൽ ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്തിന് സമീപവും വന്ദേഭാരത് ട്രെയിനിന്‍റെ രണ്ട് കോച്ചുകൾക്ക് നേരെ കല്ലേറുണ്ടായി.
also read : Vande bharat| വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ആക്രമണം കർണാടകയിലെ ദാവൻഗരെയിൽ വച്ച്
കേരളത്തിലും കല്ലേറ് : കേരളത്തിലോടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രെസിന് നേരെ രണ്ട് തവണ കല്ലേറുണ്ടായിട്ടുണ്ട്. മെയ് ഒന്നിന് മലപ്പുറം തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ട് മുൻപുണ്ടായ കല്ലേറിൽ ട്രെയിനിന്‍റെ ചില്ലിന് വിള്ളൽ സംഭവിച്ചിരുന്നു. മെയ് എട്ടിന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിന് നേരെ കണ്ണൂർ വളപട്ടണത്ത് വച്ചുണ്ടായ കല്ലേറിൽ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായിരുന്നു.