ഗിരിധിഹ്(ജാര്‍ഖണ്ഡ്): ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മൂന്ന് മക്കളെയും കൊല്ലാന്‍ ശ്രമിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്‌ത സംഭവത്തില്‍ രണ്ടാനമ്മ പിടിയില്‍. ഗഡ്ഖുര പഞ്ചായത്തിലെ തിസ്‌രു പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച രണ്ട് കുട്ടികളില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മൂന്നാമത്തെ കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതു മൂലം രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സുനില്‍ സൊറൈനന്‍റെ രണ്ടാം ഭാര്യ സുനിതയാണ് ഭര്‍ത്താവിന്‍റെ ആദ്യ വിവാഹത്തിലുണ്ടായ മൂന്ന് മക്കളെയും കൊലപ്പെടുത്താനായി ചോറിലും ചിക്കന്‍ കറിയിലും ഉയര്‍ന്ന അളവില്‍ വിഷം കലര്‍ത്തി നല്‍കിയത്. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഇളയ കുട്ടിയായ അനില്‍ (3) മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത് രണ്ടാമത്തെ കുട്ടി ശങ്കറാണ് (8).
മൂത്ത കുട്ടി വിജയ് (12) ആണ് ഭക്ഷണം കഴിക്കാതിരുന്നതിനെ തുടര്‍ന്ന് രക്ഷപെട്ടത്. കുട്ടികളോടുള്ള സുനിതയുടെ ക്രൂരമായ സമീപനം നേരത്തെ തന്നെ മനസിലാക്കിയിരുന്ന പ്രദേശവാസികള്‍ സംഭവം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് സുനിത കുറ്റം സമ്മതിച്ചത്.
രണ്ട് വര്‍ഷത്തിന് മുമ്പാണ് സുനില്‍ സൊറൈനന്‍റെ ആദ്യ ഭാര്യ ഷൈലീന്‍ മറണ്ടി, പാമ്പ് കടിയേറ്റ് മരിക്കുന്നത്. ഇരുവര്‍ക്കും നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. ആദ്യ ഭാര്യയുടെ മരണശേഷം 2022 ഏപ്രിലിലാണ് ഇയാള്‍ സുനിതയെ വിവാഹം കഴിക്കുന്നത്.
വിഷം നല്‍കിയതിന് ശേഷം ബോധരഹിതരായി കിടക്കുന്ന കുട്ടികളെ കണ്ട് സുനിത വീട്ടില്‍ നിന്നും കടന്നുകളയുകയായിരുന്നു. സഹോദരങ്ങളെ വായില്‍ നിന്ന് നുര വന്ന് ബോധമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് മൂത്ത മകന്‍ സോനു, ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധു ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.
ജയ്‌റാം പ്രസാദ്, ഗുഞ്ജ കുമാരി എന്നീ രണ്ട് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തി. രണ്ടാമത്തെ കുട്ടിയ്‌ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ പിന്നീട് ഗിരിധിഹ് ആശുപത്രിയിലേക്ക് മാറ്റി.
തിസ്രി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ്, പികു പ്രസാദ് സദള്‍ബാള്‍ സംഭവം സ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്തു. ഉടന്‍ തന്നെ പ്രതിയായ രണ്ടാനമ്മയെ അറസ്‌റ്റ് ചെയ്‌തു. ഗവാന്‍ ഹട്ടില്‍ നിന്നുമാണ് വിഷം വാങ്ങിയതെന്ന് സുനിത പറഞ്ഞതായി സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അറിയിച്ചു.