താനെ: രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്‌എസ്) പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്‌ടക്കേസില്‍ ഹാജരാകുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇളവ് അനുവദിച്ച് ഭിവണ്ടി മജിസ്‌ട്രേറ്റ് കോടതി. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്‍റെ സമര്‍പ്പിച്ച മാനനഷ്‌ടക്കേസില്‍ ഹാജരാകുന്നതിലാണ് കോടതി രാഹുലിന് സ്ഥിര ആശ്വാസം നല്‍കിയത്. കേസില്‍ രാഹുല്‍ ഗാന്ധി സ്ഥിരമായി ഇളവ് അര്‍ഹിക്കുന്നുവെന്നറിയിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഭിവണ്ടി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സി.വാദികറിന്‍റെ ഉത്തരവ്.
കേസ് വന്നതിങ്ങനെ: എന്നാല്‍ കുന്‍റെ നല്‍കിയ മാനനഷ്‌ടക്കേസില്‍ ജൂണ്‍ മൂന്നിന് തെളിവെടുപ്പ് നടത്താന്‍ മജിസ്‌ട്രേറ്റ് സമയം അനുവദിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്ന് ആരോപിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ 2014 ലാണ് രാജേഷ് കുന്‍റെ ഭിവണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നല്‍കുന്നത്. രാഹുലിന്‍റെ പ്രസ്‌താവന ആര്‍എസ്‌എസിന്‍റെ യശസ്സിന് മങ്ങലേല്‍പ്പിച്ചുവെന്നറിയിച്ചായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി. തുടര്‍ന്ന് 2018ല്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റം നിഷേധിച്ചിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം വിചാരണയുടെ ഓരോ വേളയിലും കുറ്റാരോപിതന്‍ നേരിട്ടെത്തിയില്ലെങ്കിലും നിയുക്ത അഭിഭാഷകൻ സമയബന്ധിതമായും ക്രമമായും യഥാവിധി കോടതിയിൽ ഹാജരായി എന്നും നിർദേശിക്കുമ്പോൾ കുറ്റാരോപിതൻ കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിനെ ഉദ്ദരിച്ച് പിടിഐ അറിയിച്ചു.
അവസ്ഥ ബോധിപ്പിച്ച് രാഹുല്‍: താൻ ഡൽഹി നിവാസിയാണെന്നും വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടി പരിപാടികള്‍ക്കും മറ്റുമായി ഒരുപാട് യാത്ര ചെയ്യാനുണ്ടെന്നും കോടതിയെ അറിയിച്ചായിരുന്നു രാഹുല്‍ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എപ്പോള്‍ ആവശ്യപ്പെടുകയാണെങ്കിലും തന്‍റെ അഭിഭാഷകന്‍ ഹാജരാകുമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി നിലവില്‍ പാർലമെന്റേറിയനല്ലാത്തതിനാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന് ഇളവ് നൽകേണ്ടതില്ലെന്ന് കുന്‍റെയുടെ അഭിഭാഷകനും വാദിച്ചിരുന്നു.
മോദി പരാമര്‍ശത്തിലും കേസ്: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത്. രാജ്യംവിട്ട നീരവ് മോദിയേയും ലളിത് മോദിയേയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ച രാഹുല്‍, കള്ളന്മാർക്കെല്ലാം മോദി എന്നൊരു പേരുണ്ടായത് എങ്ങനെയാണെന്നും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തിനെതിരെ മുന്‍ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പൂർണേഷ് മോദി കോടതിയെ സമീപിച്ച് മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പരാമര്‍ശത്തിലൂടെ രാഹുല്‍ മോദ് അല്ലെങ്കില്‍ മോദി സമുദായത്തെ മുഴുവനായും അപകീര്‍ത്തിപെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി.
അയോഗ്യതയിലേക്കുള്ള വഴി: പിന്നീട് കേസ് പരിഗണിച്ച സൂറത്ത് കോടതി രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ടുമാസത്തെ തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍ തന്‍റെ പരാമർശങ്ങൾ ചില വ്യക്തികൾക്ക് എതിരെ മാത്രമാണെന്നും മുഴുവൻ സമൂഹത്തിനും എതിരെയുള്ളതല്ലെന്നും അതിനാല്‍ കുറ്റക്കാരനല്ലെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു. പിന്നാലെ പട്‌ന കോടതി രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ തൊട്ടുപിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.