മെയ് രണ്ടിന് അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും നടന്ന വോട്ടെടുപ്പിന്‍റെ ഫലം പുറത്ത് വരും. സ്ഥാനാർഥികളെല്ലാം ജനവിധിക്കായി അക്ഷമരായി കാത്തു നിൽക്കുന്നു.
ഈ സ്ഥാനാഥികളില്‍ ചിലര്‍ക്കൊന്നും തങ്ങളുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് അറിയുവാനുള്ള ഭാഗ്യമില്ലാതെ പോയി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജനവിധിക്കായി കാത്തിരുന്ന ആറ് സ്ഥാനാർഥികളാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡിനൊപ്പം രാഷ്ടീയ സംഘർഷങ്ങളും മുന്നണി മാറ്റങ്ങളുമൊക്കെ തിമിർത്താടിയ ഈ തെരഞ്ഞെടുപ്പ് കാലം ചരിത്രത്തില്‍ ഇടം നേടുമെന്നത് തീർച്ചയാണ്. ഇടിവി ഭാരത് നടത്തിയ എക്സിറ്റ് പോള്‍ ഫലം.
രാജ്യം ഉറ്റുനോക്കി പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്
മത്സരം കടുക്കുമെന്ന് സർവെ
ഇന്ത്യയില്‍ മുമ്പൊരിക്കൽ പോലും പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് പോലെ ഇത്രയുമധികം ജന ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ 294 മണ്ഡലങ്ങളും കടുത്ത പോരാട്ട വേദികളായി മാറിയ കാഴ്‌ച. എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതില്‍ നിന്നും തുടങ്ങി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിച്ചെടുക്കുവാന്‍ കാവി പാര്‍ട്ടി കച്ചകെട്ടി ഇറങ്ങിയതും, ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് ഓള്‍ ഇന്ത്യാ സെക്യുലര്‍ ഫ്രണ്ട് (എഐഎസ്എഫ്) എന്ന പുതിയൊരു സഖ്യം ഉണ്ടാക്കിയതും എല്ലാം തീര്‍ത്തും വ്യത്യസ്‌തമായ ഒരു തെരഞ്ഞെടുപ്പ് കാലഘട്ടത്തെയാണ് സമ്മാനിച്ചത്. 294ൽ 292 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മറ്റ് രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ കൊവിഡ് കവർന്നെടുത്തത് തെരഞ്ഞെടുപ്പിന് ഭീഷണിയായി.
10 വര്‍ഷം നീണ്ടു നിന്ന ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്തിന്‍റെ തെക്കന്‍ മേഖലകളില്‍ ഉംപുന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനു ശേഷമുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയിൽ സ്വജനപക്ഷപാതപരമായ ആരോപണങ്ങളും നേരിട്ടാണ് മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്.
എല്ലാവരും മമതക്കെതിരെ തിരിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ പ്രത്യക്ഷമായി ബിജെപി നേര്‍ക്കുനേര്‍ മമതാ ബാനർജി ഏറ്റുമുട്ടി. നേതാജി സുഭാഷ് ചന്ദ്രബോസ്, സത്യജിത് റേ, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മ പ്രദേശമായ ദക്ഷിണ കൊല്‍ക്കത്തയിലെ തന്‍റെ സ്വന്തം ബബാനിപൂര്‍ സീറ്റ് വേണ്ടെന്ന് വെച്ചാണ് മമതാ ബാനര്‍ജി നന്ദിഗ്രാമിലേക്ക് പോരാട്ടത്തിനെത്തിയത്. തന്‍റെ വിശ്വസ്‌തനായ പാര്‍ട്ടിയിലെ മുതിര്‍ന്ന നിയമസഭാ സാമാജികന്‍ ഷോവന്‍ ദേബ് ചതോപാധ്യായക്കാണ് മമത ബബാനിപൂര്‍ കൈമാറിയത്.
ഇടതുപക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും തകര്‍ച്ചയോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന ബിജെപി, പശ്ചിമ ബംഗാൾ തങ്ങളുടെ കൈപിടിയിലൊതുക്കുവാനായി സാധിക്കുന്നതെല്ലാം ചെയ്‌തു. ഇതിനായി മുമ്പൊരിക്കലും ബിജെപിയെ പിന്തുണക്കാത്ത മണ്ണിലേക്ക് പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കം നിരന്തരം റാലികളും പ്രചാരണങ്ങളും നടത്തി.
ബംഗാളില്‍ ഇത്തവണ നടന്ന തെരഞ്ഞെടുപ്പ് ധ്രുവീകരണത്തിന്‍റെയും പ്രാദേശിക ജാതി സമവാക്യങ്ങളുടേയും മറ്റൊരു ഉപാഖ്യാനവും സംസ്ഥാന രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. മതുവാ വംശജരുടെ വികാരങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രാധാന്യം നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പിനിടയില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലെ മതുവാ വംശജരുടെ പുണ്യ കേന്ദ്രം സന്ദര്‍ശിച്ചു. വടക്കന്‍ ബംഗാളിലെ ഏതാണ്ട് 35ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്ബന്‍ഷി വിഭാഗത്തെ പ്രീണിപ്പിക്കുവാന്‍ അമിത് ഷായും നന്നായി പണിപ്പെട്ടു. തങ്ങളെ കൊണ്ടാവുന്നതെല്ലാം ബിജെപി ചെയ്‌തു കഴിഞ്ഞു.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ അമിത് ഷാ മുതല്‍ ദേശീയ നേതാക്കന്മാരും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റും തീപ്പൊരി പ്രസംഗങ്ങളുമായി കളം നിറഞ്ഞു. അനുയായികളായ സാധാരണക്കാരുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതില്‍ മത്സരിച്ച നേതാക്കൻമാർ എല്ലായിടത്തെയും പോലെ ഇവിടെയും എത്തി. പാരഡി ഗാനങ്ങളുമായി ഇരു വിഭാഗങ്ങളും പരസ്‌പരം മത്സരിച്ച ഒരു സംഗീത മത്സരവും ഈ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചു. അതിനൊക്കെ പുറമെ ജനപ്രിയ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കി ട്രോൾ വീഡിയോകളും വോട്ടര്‍മാരെ പാട്ടിലാക്കിയെടുക്കുവാന്‍ ഇരു കൂട്ടരും ആയുധങ്ങളാക്കി.
ഇത്തവണത്തെ മത്സരം ശരിക്കും കടുപ്പമേറിയതാണെന്ന് മമതാ ബാനര്‍ജിക്കും ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരാളെ ഉയര്‍ത്തി കാട്ടുവാന്‍ തങ്ങളുടെ പക്കല്‍ ആരുമില്ലെന്ന് ബിജെപിക്കും അറിയാമായിരുന്നു. മമതയുടെ വ്യക്തി പ്രഭാവത്തെ നേരിടുക അത്ര എളുപ്പമല്ലെന്നും ബിജെപിക്ക് മനസിലാക്കിയിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും അവരുടെ സഖ്യ കക്ഷികള്‍ക്കും തങ്ങളുടെ സാധ്യതകളിൽ മങ്ങൽ ഉണ്ടെന്നതും വ്യക്തമായിരുന്നു.
അതുകൊണ്ട് തന്നെ തങ്ങളുടെ പഴയകാല നേതാക്കന്മാരെ എല്ലാം ഒഴിവാക്കി ഒരു പുതിയ തരംഗം സൃഷ്ടിക്കുന്നതിനായി യുവാക്കളായ കഴിവുറ്റ സ്ഥാനാർഥികളെയാണ് അവര്‍ ഗോദയിലിറക്കിയത്. എന്നാല്‍ ഇടിവി ഭാരതിന്‍റെ തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ കാട്ടി തരുന്നത് ഈ പാര്‍ട്ടികളില്‍ ആരും തന്നെ ഭരിക്കാനാവശ്യമായ 148 സീറ്റുകള്‍ നേടാന്‍ പോകുന്നില്ല എന്നു തന്നെയാണ്. പശ്ചിമ ബംഗാളിൽ അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ ഒരു കക്ഷിക്ക് 148 സീറ്റുകളെങ്കിലും അനിവാര്യമാണ്. 131 സീറ്റിനടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെടുക്കും എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി 126നടുത്ത് സീറ്റുകള്‍ നേടാനിടയുണ്ടെന്നും അതേ സമയം ഇടതുപക്ഷവും സഖ്യകക്ഷികളും 32 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും മൂന്ന് സീറ്റുകളോളം മറ്റുള്ളവര്‍ നേടിയെടുക്കുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഫലം ബംഗാളില്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യത തുറക്കുമോ? സര്‍വെ ഫലങ്ങളെല്ലാം തെറ്റായി മാറി ഏതെങ്കിലും ഒരു പാര്‍ട്ടി സംസ്ഥാനം ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ സ്വന്തമായി നേടുമോ? ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾക്കായി മെയ് രണ്ട് വരെ കാത്തിരിക്കേണ്ടി വരും.
അസമിൽ തുടർഭരണം പ്രവചിച്ച് സർവെ
ബോഡോലാൻഡ് പീപ്പിള്‍സ് ഫ്രണ്ട് നേടുന്ന വോട്ടുകൾ നിർണായകം
ഹരിതാഭമായ പാടങ്ങളും കുന്നിന്മേടുകളുമെല്ലാമുള്ള അസമിൽ മൂന്ന് ഘട്ടങ്ങളായാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. അടിസ്ഥാനപരമായി ബിജെപിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടും (എഐയുഡിഎഫ്) തമ്മിലാണ് മത്സരം നടന്നത്. ഈ സഖ്യകക്ഷിയില്‍ മറ്റ് ഏഴ് പാര്‍ട്ടികള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. വടക്ക് കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടം പോലെ കിടക്കുന്ന ഈ സംസ്ഥാനത്ത് ഇടിവി ഭാരത് നടത്തിയ സര്‍വെ പ്രവചനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന കണക്കുകളാണ് നല്‍കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അസമിലെ 126 നിയമസഭാ മണ്ഡലങ്ങളില്‍ ഏതാണ്ട് 64 എണ്ണം നേടിയെടുക്കുവാന്‍ സാധ്യതയുണ്ടെന്ന് സര്‍വെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യമാകട്ടെ ഏതാണ്ട് 55 സീറ്റുകളോളം നേടിയെടുക്കാന്‍ സാധ്യതയുണ്ട്. പുതുതായി ആരംഭിച്ച അസം ജാതീയ പരിഷത് (എജെപി), ജയിലില്‍ കഴിയുന്ന കര്‍ഷകാവകാശ ആക്റ്റിവിസ്റ്റായ അഖില്‍ ഗൊഗോയ് സ്ഥാപിച്ച റെയ്‌ജോര്‍ ദള്‍, സ്വതന്ത്രര്‍ എന്നിങ്ങനെയുള്ള മറ്റുള്ളവര്‍ ബാക്കിയുള്ള ഏഴ് സീറ്റുകളും നേടുമെന്നാണ് സർവെ പ്രവചിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപിയുടെ വികസന അജണ്ടക്കിടയില്‍ വോട്ടര്‍മാരുടെ വികാരം പലപ്പോഴും ചാഞ്ചാടുകയുണ്ടായി. ഈ വികസന അജണ്ടയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടാം തവണയും ഭരിക്കുന്നതിനായി ബിജെപി വോട്ട് തേടുന്നത്. ഇതിനിടയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് കൊളുത്തി വിട്ട ബഹുജന വികാരം ആളി കത്തിയത്.
ബദറുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി ഉണ്ടാക്കിയ സഖ്യത്തിലൂടെ ന്യൂനപക്ഷ സമുദായത്തിന്‍റെ വലിയൊരു പങ്ക് വോട്ട് തിരിച്ചു പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടി. ഇതിനു പുറമെയാണ് ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ടുമായുള്ള (ബിപിഎഫ്) സഖ്യം തന്ത്രപരമായ ചില ഗുണങ്ങള്‍ കോണ്‍ഗ്രസിന് നേടികൊടുക്കുവാന്‍ ഇടവരുത്തുന്നത്.
ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും ഉണ്ടാകാന്‍ പോകുന്ന ഫലങ്ങളെ സ്വാധീനിക്കുവാന്‍ ബിപിഎഫിന് കഴിവുണ്ട്. ഈ ഘടകങ്ങളെ തുടർന്ന് അസം ഒരിക്കല്‍ കൂടി ബിജെപിയെ ഭരണമേല്‍പ്പിച്ചേക്കും. പക്ഷെ ആ വിജയം ഒരിക്കലും മധുരകരമായിരിക്കുകയില്ല എന്ന് മാത്രമല്ല പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ ക്രമേണ അദ്ദേഹത്തിന്‍റെ ഉപമുഖ്യമന്ത്രിയായ ഹേമന്ത ബിശ്വശര്‍മ്മയുടെ നിഴലിനകത്തായി കൊണ്ടിരിക്കുകയാണ് എന്നതിനാല്‍ കഷ്ടിച്ച് ഒരു ജയമാണ് ഉണ്ടാകുന്നതെങ്കില്‍ നേതൃത്വത്തെ സംബന്ധിച്ച് കാര്യങ്ങള്‍ മാറി മറിഞ്ഞേക്കും.
തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിൽ വരുമെന്ന് പ്രവചനം
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ സംബന്ധിച്ചിടത്തോളം അധികാരം വിട്ടൊഴിയാന്‍ സമയമായി എന്നു തന്നെ വേണം കരുതാന്‍. കാരണം ഡിഎംകെ സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള എല്ലാ സാധ്യതകൾക്കും മുന്നിലാണുള്ളത്. ഇടിവി ഭാരത് നടത്തിയ സര്‍വെയിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി 133ഓളം സീറ്റുകള്‍ നേടിയെടുക്കുമെന്നാണ് പ്രവചിക്കുന്നത്. അതേ സമയം എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 89 സീറ്റുകളും മറ്റുള്ളവര്‍ക്ക് 12 സീറ്റുകളും ലഭിക്കുമെന്നാണ് സൂചനകള്‍. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിലേക്ക് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുവാനുള്ള സര്‍വ സാധ്യതകളോടു കൂടിയും സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുകയാണെന്നാണ് പ്രവചനം.
നിലവിലുള്ള മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) 10 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരം വിട്ടൊഴിയേണ്ടി വരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചനകള്‍. അധികാരമാണ് പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി നിര്‍ത്തുന്നത് എന്നതിനാല്‍ അതിന്‍റെ ബലത്തിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പിന്തുണയോടെയും എഐഎഡിഎംകെയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് വിജയത്തിന് മതിയാകുന്ന ലക്ഷണമില്ല. 90 സീറ്റുകള്‍ വരെ ഭരണകക്ഷി നേടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഈ പ്രമുഖ ദ്രാവിഡ കക്ഷിയുടെ ഭാവി ഇപ്പോള്‍ വഴിത്തിരിവിലാണ്. സര്‍വെ നല്‍കുന്ന സൂചനകള്‍ പ്രകാരം ഡിഎംകെ പകുതി സീറ്റുകൾക്ക് മുകളിൽ പിടിച്ചെടുക്കുമെന്നാണ് പ്രവചനങ്ങൾ.
ഡിഎംകെ മുന്നണി ഒരു കനത്ത വിജയമാണ് നേടിയെടുക്കാന്‍ പോകുന്നതെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, വിടുതലൈ ചിരുതൈകള്‍ കക്ഷി(വിസികെ), മുസ്ലീം പാര്‍ട്ടികള്‍, മറ്റ് ഏതാനും ചെറുകിട പാര്‍ട്ടികള്‍ എന്നിവ അടങ്ങുന്നതാണ് ഡിഎംകെ മുന്നണി. സഖ്യകക്ഷി കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഒരു ബാധ്യതയായി മാറിയ ബിജെപിയുമായുള്ള സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എഐഎഡിഎംകെയേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ് ഡിഎംകെ മുന്നണി. എം കരുണാനിധിയേയും അദ്ദേഹത്തിന്‍റെ ബദ്ധ ശത്രുവായിരുന്ന ജെ ജയലളിതയേയും പോലുള്ള കനത്ത വ്യക്തി പ്രഭാവമുള്ള നേതാക്കന്മാരുടെ അഭാവത്തില്‍ ഏറെ കാലത്തിനു ശേഷം നടക്കുന്ന ഒരു തെരഞ്ഞെടുപ്പ് എന്ന നിലയില്‍ തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്‍ സ്വന്തം നിലയില്‍ തന്നെ ഒരു നേതാവായി ഉയര്‍ന്നു വരുന്നതാകും ഈ തെരഞ്ഞെടുപ്പ്.
പാര്‍ട്ടിയിലെ മറ്റ് പ്രമുഖ ജേതാക്കളില്‍ ഡിഎംകെയുടെ അടുത്ത തലമുറ നേതാക്കളും മത്സരരംഗത്തുണ്ട്. ചെപ്പോക്ക്-ട്രിപ്ലിക്കേയ്ന്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഉദയനിധി സ്റ്റാലിന്‍, കാട്ട്പാഡിയില്‍ നിന്നും മത്സരിക്കുന്ന മുതിർന്ന നേതാവ് ദുരൈ മുരുകന്‍, തിരുച്ചിറപ്പള്ളിയിലെ കരുത്തനായ കെ എന്‍ നെഹ്രും ജനവിധി നേരിടുന്നു.
തന്‍റെ ജന്മ മണ്ഡലമായ എടപ്പാടിയില്‍ മുഖ്യമന്ത്രി ഇപിഎസ് വിജയിക്കും എന്നു തന്നെയാണ് കരുതുന്നതെങ്കില്‍, അദ്ദേഹത്തിന്‍റെ മന്ത്രിസഭാ അംഗങ്ങളിൽ മിക്കവരും മറുകര നീന്തികയറാന്‍ ഇടയില്ല. വി കെ ശശികലയുടെ മരുമകനായ ടി ടി വി ദിനകരന്‍ ഒരിക്കല്‍ കൂടി എഐഎഡിഎംകെയുടെ അന്തകനായി മാറുന്നു എന്ന് തെളിയാന്‍ പോവുകയാണ്. കോവില്‍പ്പട്ടി മണ്ഡലത്തില്‍ നിന്നും അദ്ദേഹവും വിജയിക്കുമെന്ന് തന്നെയാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിക്കാന്‍ പോകുകയാണെന്ന് ഉറപ്പായിരിക്കുന്നു. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്‍റെ ശിവഗംഗ ജില്ലയിലും പാര്‍ട്ടി നല്ല നിലയിലാണെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിഎംകെ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷ പാര്‍ട്ടികളും തോല്‍ തിരുമാവളവന്‍റെ വി സി കെയും ഒരുപോലെ പുതിയ നിയമസഭയില്‍ പ്രാതിനിധ്യം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഒടുവില്‍ ഭരിക്കാനാവശ്യമായ സീറ്റുകളുമായി സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടു കഴിഞ്ഞാല്‍ ഡിഎംകെ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക എന്നുള്ളത് തന്നെയാണ് അദ്ദേഹത്തിനു മുന്നിലെ വലിയ വെല്ലുവിളി. വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളുക, വിവാഹ മോചനം നേടി ഒറ്റക്ക് മക്കളെ പോറ്റുന്ന സ്ത്രീകളടക്കം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1500 രൂപ വേതനം നല്‍കുക എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ വച്ചിട്ടുള്ളത്.
കേരളത്തിൽ തുടർ ഭരണം
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല
140 നിയമസഭ മണ്ഡലങ്ങളുള്ള കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് ഇടിവി ഭാരത് നടത്തിയ സർവെ പ്രവചിക്കുന്നത്. അതായത് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഒട്ടും തന്നെയില്ല എന്നർഥം. 2016ലെ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേടിയ സീറ്റുകളില്‍ 11 സീറ്റുകള്‍ ഒരുപക്ഷെ എല്‍ഡിഎഫിന് നഷ്ടമായേക്കാം. അതിലൂടെ ഇത്തവണ 93ല്‍ നിന്ന് 82 എന്ന സീറ്റു നിലയിലേക്ക് എല്‍ഡിഎഫ് താഴ്‌ന്നേക്കും. എന്നാല്‍ സുഗമമായി ഭരിക്കുവാനുള്ള ഭൂരിപക്ഷത്തോടു കൂടി വീണ്ടും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തില്‍ തിരിച്ചു വരുമെന്നു തന്നെയാണ് പ്രവചിക്കപ്പെടുന്നത്.
സാമൂഹിക ക്ഷേമ നടപടികളും വികസന പ്രവര്‍ത്തനങ്ങളും, നിപാ വൈറസ് ബാധ, തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങൾ, കൊവിഡ് മഹാമാരിയും പോലുള്ള പ്രതിസന്ധി വേളകളിലെ കരുത്തുറ്റ നേതൃത്വമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനെ വീണ്ടും വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളെന്ന് സര്‍വെ ഫലങ്ങള്‍ ചൂണ്ടി കാട്ടുന്നു.
വിവിധ അഴിമതി ആരോപണങ്ങളും, പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടു വന്ന സ്വജനപക്ഷപാതം, പിഎസ്‌സി റാങ്ക് ജേതാക്കള്‍ നടത്തിയ റിലെ സമരം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമൊക്കെ പ്രചാരണത്തിന്‍റെ തുടക്കത്തില്‍ നേടിയെടുത്തിരുന്ന മേല്‍ക്കൈ അല്‍പമൊക്കെ നഷ്ടപ്പെടുവാന്‍ എല്‍ഡിഎഫിന് കാരണമായെങ്കിലും പിണറായി വിജയനും അദ്ദേഹത്തിന്‍റെ സഖാക്കള്‍ക്കും ഒടുവില്‍ തുണയായി മാറിയത് മെച്ചപ്പെട്ട ഭരണം തന്നെയാണ്.
2016ലെ 45 സീറ്റുകള്‍ എന്ന നിലയില്‍ നിന്നും ഇത്തവണ 56 സീറ്റുകള്‍ എന്ന നിലയില്‍ തൃപ്തിപ്പേടേണ്ടി വരും യുഡിഎഫിന്. മധ്യകേരളവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ കോട്ടകളുമൊക്കെ യുഡിഎഫിന്‍റെ വോട്ടുകള്‍ സുരക്ഷിതമാക്കി നിലനിര്‍ത്തുമെങ്കിലും യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എം പുറത്തുപോയത് അവരെ സാരമായി ബാധിക്കുക തന്നെ ചെയ്യും. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ ഇടതുപക്ഷ മുന്നണിയുടെ സഖ്യകക്ഷിയാണ്. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലങ്ങളെല്ലാം തന്നെ ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്നു എന്ന അവസ്ഥയില്‍ മുസ്ലീം ലീഗിന്‍റെ അതിശക്തമായ വോട്ട് ബാങ്ക് തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ പോകുന്നത്.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ പോലും എല്‍ഡിഎഫിന്‍റെ തേരോട്ടത്തെ തടുത്തു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നത് രാഹുല്‍ ഗാന്ധി ഘടകം പോലും രക്ഷയായില്ല എന്ന് തെളിയിക്കുന്നതാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം ഇത്തവണ എല്‍ഡിഎഫ് പക്ഷത്തേക്ക് പോകുമെന്നാണ് സൂചന.
2019ല്‍ വളരെ സുഗമമായി തന്നെ ശശി തരൂരിലൂടെ കോണ്‍ഗ്രസ് നേടിയെടുത്ത തിരുവനന്തപുരത്തും ഇതേ സ്ഥിതി തന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നത്. ഈ ജില്ലയില്‍ വളരെ വ്യക്തമായ മുന്‍ തൂക്കം നേടിയെടുത്ത എല്‍ഡിഎഫ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും നേടിയെടുക്കുമെന്നാണ് സൂചനകള്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 2016ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നേടിയ ഏക സീറ്റുകൊണ്ട് ഇത്തവണയും തൃപ്‌തിപ്പെടേണ്ടി വരുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ സാമാജികനായി മാറിയ ഒ രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ കനത്ത പോരാട്ടമാണ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ജയിക്കുവാനുള്ള സാധ്യത വളരെ വളരെ വിദൂരമാണ്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിലേക്കാണ് ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്.