ചെന്നൈ : രാജ്യത്തുടനീളം വാക്‌സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ചെന്നൈ ചെംഗൽപട്ടുവിലെ എച്ച്എൽഎൽ ബയോ ടെക് ലിമിറ്റഡിന്‍റെ ഇന്‍റഗ്രേറ്റഡ് വാക്‌സിൻ കോംപ്ലക്‌സ് (ഐവിസി) സംസ്ഥാന സർക്കാരിന് പാട്ടത്തിന് നല്‍കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഒരു സ്വകാര്യ പങ്കാളിയുടെ സഹായത്തോടെ വാക്‌സിൻ ഉത്പാദനം ത്വരിതപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
Also Read: 'ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് സര്‍ക്കാരിനെ പഴിക്കുന്നതെന്തിന്?' ഖുശ്‌ബു ചോദിക്കുന്നു
ചെന്നൈയ്ക്കടുത്തുള്ള ആധുനികവും ഉയർന്ന ശേഷിയുള്ളതുമായ വാക്‌സിൻ നിർമാണ കേന്ദ്രം മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. കേന്ദ്രം ഇതിനകം 700 കോടി രൂപ ചെലവഴിച്ചതാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന നടപടി രാജ്യത്തിന്‍റെ മുഴുവൻ വാക്‌സിൻ ആവശ്യകതയെ ഗണ്യമായി വർധിപ്പിക്കും. അതിനാൽ ഐവിസിയുടെ സ്വത്തുക്കൾ മുൻകാല ബാധ്യതകളില്ലാതെ പൂർണ പ്രവർത്തന സ്വാതന്ത്ര്യത്തോടെ സംസ്ഥാന സർക്കാരിന് പാട്ടത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 20,26,95,874 വാക്‌സിൻ ഡോസുകളാണ് നൽകിയിട്ടുള്ളത്.