ചെന്നൈ: സംസ്ഥാനത്തെ വിഷയങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജൂൺ 17ന് കൂടിക്കാഴ്‌ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. പ്രധാനമന്ത്രി ഓഫിസ് താൽകാലികമായി അനുമതി നൽകിയിട്ടുണ്ടെങ്കിലും കൂടിക്കാഴ്‌ചയുടെ സമയം പിന്നീട് പ്രഖ്യാപിക്കുമെന്ന് സ്റ്റാലിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവിധ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്
ജിഎസ്‌ടി കുടിശിക, വിവിധ വികസന പദ്ധതികൾക്കുള്ള വിഹിതം, നീറ്റ് എന്നിവ ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്‌ച നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്റ്റാലിൻ കത്ത് എഴുതിയിരുന്നു. കുറുവായ് സീസണിൽ 12 ഡെൽറ്റ ജില്ലകളിലെ ജലസേചനത്തിനായി സേലം ജില്ലയിലെ മേട്ടൂർ ഡാം തുറന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൂചിപ്പിച്ചതുപോലെതന്നെ സംസ്ഥാന സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി ജലം എത്തിച്ചതിലൂടെ കാർഷിക ഉൽപാദനത്തിൽ സംസ്ഥാനം ചരിത്രം സൃഷ്‌ടിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
നദീജലം മുഖ്യ വിഷയം
കർണാടകയുടെ കാവേരി നദിയിൽ നിന്ന് വെള്ളം ലഭ്യമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം തുടർച്ചയായി ജലലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ജല കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ചെന്നൈ ഉൾപ്പെടെ ഭൂരിഭാഗം ജില്ലകളിലും പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതിന്‍റെ അടിസ്ഥാനത്തിൽ 27 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. എന്നിരുന്നാലും കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ ജില്ലകളിൽ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യമാണ്. എങ്കിലും സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
Also read: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തമിഴ്‌നാട്; മദ്യശാലകള്‍ തുറക്കാം