ധനുഷ്‌കോടി(ശ്രീലങ്ക): സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ നിന്നും പാക് കടലിടുക്കിലൂടെ 13 കിലോമീറ്ററോളം നീന്തി തമിഴ് നാട്ടിലെ ധനുഷ്‌കോടി തീരത്ത് എത്തിച്ചേര്‍ന്ന് ശ്രീലങ്കന്‍ തമിഴ് വംശജന്‍. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച ബോട്ടിന് നേരെ ശ്രീലങ്കന്‍ നാവിക സേന വെടിയുതിര്‍ത്തപ്പോഴായിരുന്നു 24 വയസുകാരനായ ഹസന്‍ ഖാന്‍ കടലില്‍ ചാടുകയും ഇന്ത്യന്‍ തീരത്തേക്ക് നീന്തിക്കയറുകയും ചെയ്‌തത്. തീരരക്ഷ സേനയുടെ കണ്ണില്‍പ്പെടാതെ എങ്ങനെ യുവാവ് തീരത്ത് എത്തി എന്നതില്‍ അന്വേഷണം നടക്കുകയാണ്.
തമിഴ്‌നാട് മറൈന്‍ പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഹസന്‍ ഖാനെ ചോദ്യം ചെയ്‌ത് വരികയാണ്. സാന്‍റി ചെറുദ്വീപുകളില്‍ ഒന്നായ അരിച്ചാ മുന ദ്വീപിനടുത്ത് വച്ചാണ് ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ തീരത്തേക്ക് അനധികൃതമായി പോകുകയായിരുന്ന ബോട്ടിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് ഹസന്‍ ഖാന്‍ കടിലിലേക്ക് ചാടി തമിഴ്‌നാട്ടിലെ ധനുഷ്‌കോടി തീരത്ത് നീന്തി എത്തിയത്. ശ്രീലങ്കയിലെ ജാഫ്‌ന ഉപദ്വീപിലെ മാന്നാറില്‍ നിന്ന് ഹസനും അഞ്ച് പേരടങ്ങുന്ന കുടുംബവുമാണ് ചെറു ബോട്ടില്‍ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി യാത്രതിരിച്ചത്.
ശ്രീലങ്കയിലെ മാന്നാറില്‍ നിന്ന് ഇന്ത്യയിലെ ധനുഷ്‌കോടി വരെയുള്ള ദൂരം 27 കിലോമീറ്ററാണ്. ഹസന്‍ ഖാനോടൊപ്പമുണ്ടായിരുന്ന അഞ്ചംഗകുടുംബം അരിച്ചാമുന ദ്വീപില്‍ ഇറങ്ങുകയായിരുന്നു. ഈ കുടുംബത്തോടൊപ്പം ആറ് വയസുള്ള ഒരു കുട്ടിയും ഉണ്ട്. അരിച്ചാമുന ദ്വീപാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അന്താരാഷ്‌ട്ര അതിര്‍ത്തി. ഇവിടെ നിന്ന് ഈ കുടുംബം മറ്റൊരു ബോട്ടില്‍ ധനുഷ്‌കോടിയില്‍ എത്തുകയായിരുന്നു.
അവിടെ നിന്ന് ഈ കുടുംബത്തെ മണ്ഡപം ക്യാമ്പിലേക്ക് മാറ്റി. ഈ ക്യാമ്പിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തുന്ന അഭയാര്‍ഥികളെ ആദ്യം താമസിപ്പിക്കുക. അതേസമയം ധനുഷ്‌കോടി തീരത്ത് നീന്തി എത്തിയ ഹസന്‍ ഖാന്‍ ഒരു ചരക്ക് വാഹനത്തില്‍ രാമപുരം നഗരത്തിനടുത്ത് താമസിക്കുന്ന തന്‍റെ മുത്തച്ഛന്‍ മുനിയാണ്ടിയുടെ വീട്ടിലാണ് ആദ്യം പോയത്. മുനിയാണ്ടിയാണ് മണ്ഡപം ക്യാമ്പില്‍ എത്തി ഹസനെ അധികൃതര്‍ക്ക് ഏല്‍പ്പിക്കുന്നത്.
തന്‍റെ മാതാപിതാക്കളെ കാണുന്നതോടൊപ്പം ശ്രീലങ്കയില്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടി ഇന്ത്യയില്‍ ജോലിനേടുകയും തന്‍റെ ലക്ഷ്യമായിരുന്നു എന്ന് അയജി എന്ന് വിളിക്കുന്ന ഹസന്‍ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം ഹസന്‍ ഖാനെ മണ്ഡപം കാമ്പില്‍ താമസിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതസന്ധി പൊട്ടിപുറപ്പെട്ടതിന് ശേഷം ഇന്ത്യയില്‍ എത്തിയ 175ഓളം ശ്രീലങ്കക്കാര്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്.