മധുര: ശ്രീലങ്കൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് പരിഗണിക്കാൻ മധുര ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്. മധുര ഹൈക്കോടതി ജഡ്‌ജിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ത്രിച്ചിയിലിലേയും കോട്ടപ്പട്ടിലേയും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ശ്രീലങ്കൻ അഭയാർഥികളാണ് മദ്രാസ് ഹൈക്കോടതിയുടെ ശാഖയായ മധുരൈ കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഞങ്ങൾ അഭയാർഥികളല്ല..
'ഞങ്ങൾ തമിഴ്നാട്ടുകാരാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഞങ്ങളുടെ പൂർവികർ അതിജീവനത്തിനായി കൂലിപ്പണിക്കാരായി ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ പോയിട്ടുണ്ട്. തിരിച്ച് തമിഴ്നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ ശരിയായ യാത്രാ രേഖകളില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എത്തിയെന്നാരോപിച്ച് ഞങ്ങളെ അഭയാർഥി ക്യാമ്പിലാക്കി. ഞങ്ങളെ അഭയാർഥികളായിട്ടല്ലാതെ തിരിച്ച് മടങ്ങിയെത്തിയവരായി കണക്കാക്കണം. ഇന്ത്യൻ പൗരത്വം നൽകണം, ഹർജിയിൽ പറയുന്നു.
ഹർജി പരിഗണിച്ച ജഡ്ജി ഇന്ത്യൻ പൗരത്വത്തിനായി അതത് ജില്ലാ കലക്ടർമാർക്ക് അപേക്ഷണ നൽകണമെന്നും കളക്ടർമാർ ഈ അപേക്ഷകൾ കാലതാമസമില്ലാതെ കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്നും പറഞ്ഞു. സർക്കാർ ഈ അപേക്ഷകൾ പരിഗണിച്ച് 16 ആഴ്ചക്കുള്ളിൽ വിധി പ്രസ്താവിക്കണമെന്നും മധുര ജഡ്ജിയുടെ ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിനെതിരെയാണ് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.