കൊളംബോ: സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി അർധരാത്രിയോടെ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. ഇത് പ്രസിഡന്‍റിന് സമ്പൂർണ അധികാരം നൽകും. കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധമുയർന്നത് പിന്നാലെയാണ് അടിയന്തരാവസ്ഥ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ആരെയും അറസ്റ്റ് ചെയ്യാൻ സർക്കാരിന് കഴിയും. നേരത്തെ രാജ്യത്തെ സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കൊളംബോയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ ഭരണഘടനയുടെ 155ാം വകുപ്പ് പ്രകാരം പ്രസിഡന്‍റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമുണ്ട്. ഇത് കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല.
കഴിഞ്ഞദിവസം പ്രസിഡന്‍റിന്‍റെ വസതിയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമാസക്തരായ ജനക്കൂട്ടം പോലീസിന്‍റെ ബാരിക്കേഡ് തകർക്കുകയും ബസുകൾക്കും മറ്റും തീവയ്ക്കുകയും ചെയ്തിരുന്നു. പ്രസിഡന്‍റിന്‍റെ വസതിക്ക് പുറത്ത് സമാധാനപരമായി തുടങ്ങിയ സമരം പെട്ടന്നായിരുന്നു അക്രമാസക്തമായത്. സമരത്തിൽ പങ്കെടുത്ത 50ൽ അധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ രാജപക്സെ സർക്കാർ ഉടൻ തന്നെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.