ബെംഗളൂരു : മതിയായ രേഖകളില്ലാതെ ബോട്ട് മാർഗം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന മൂന്ന് ശ്രീലങ്കൻ പൗരന്മാരെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തു (Bengaluru police arrest Sri Lankan criminals). പിടിയിലായ മൂന്ന് പേരും കൊടും കുറ്റവാളികളാണെന്നും ഇവർ നിരവധി കൊലക്കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികൾക്ക് താമസ സൗകര്യം ഒരുക്കിയെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ശ്രീലങ്കൻ സ്വദേശികളായ കസൻ കുമാർ സനക (36), അമില നുവാൻ (36), രംഗ പ്രസാദ് (36) എന്നിവരാണ് പിടിയിലായത്. ഇവർക്ക് താമസ സൗകര്യം ഒരുക്കിയ റൗഡി ലിസ്റ്റിൽ പെട്ട ജയ് പരമേഷും (42) പിടിയിലായിട്ടുണ്ട്. ജയ് പരമേഷിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ശ്രീലങ്കയിൽ നിന്ന് ബോട്ടുമാർഗം തമിഴ്‌നാട്ടിലെ സേലത്ത് എത്തിയ പ്രതികൾ തുടർന്ന് ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. 20 ദിവസം മുൻപാണ് പ്രതികൾ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയതെന്നും ഇവർ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെംഗളൂരു ക്രോസിന് സമീപത്തുള്ള അപ്പാർട്ട്‌മെന്‍റിൽ താമസിച്ച് വരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിടിയിലായ മൂന്ന് പേരും ഒന്നിലധികം കൊലപാതക കേസുകളിലെ പ്രതികളാണ്.
ഇതിൽ സനകനെതിരെ നാല് കൊലപാതക കേസുകളും, നുവാനെതിരെ അഞ്ച് കൊലപാതക കേസുകളും, പ്രസാദിനെതിരെ രണ്ട് കൊലപാതക കേസുകളും രണ്ട് അടിപിടി കേസുകളും ഉണ്ട്. പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 13 മൊബൈൽ ഫോണുകൾ, ശ്രീലങ്കൻ വിലാസങ്ങളുള്ള വിസിറ്റിങ് കാർഡുകൾ, ബസ് ടിക്കറ്റുകൾ, പേപ്പർ കട്ടിങുകൾ, ആധാർ കാർഡുകളുടെ സെറോക്‌സ് പകർപ്പുകൾ, വോട്ടർ ഐഡികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾ ബെംഗളൂരുവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നതായി സംശയമുള്ളതായും പൊലീസ് അറിയിച്ചു. നിലവിൽ പിടിയിലായ നാല് പേരെയും ചോദ്യം ചെയ്‌ത് വരികയാണ്. ശ്രീലങ്കൻ പൗരന്മാർക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ല. ഇവർ സിംഹള ഭാഷ മാത്രമാണ് സംസാരിക്കുന്നത്. ഇത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിട്ടുണ്ട്.
അതേസമയം സേലത്ത് നിന്ന് മൂന്ന് പേരെയും ഒരാളുടെ സഹായത്തോടെയാണ് ബെംഗളൂരുവിലെത്തിച്ചതെന്ന് പിടിയിലായ ജയ് പരമേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പരമേഷിനെ സഹായിച്ചയാൾ രക്ഷപ്പെട്ടതായും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുന്നുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.