കൊളംബോ : കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഇന്ത്യയോട് അടിയന്തര സാമ്പത്തിക വായ്‌പ (Bridging Finance) അഭ്യര്‍ഥിച്ച് ശ്രീലങ്ക. നിലവില്‍ ഇന്ത്യ, ശ്രീലങ്കയെ സഹായിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക സ്ഥിതി ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആ രാജ്യം വീണ്ടും സഹായം തേടുന്നത്.
അന്താരാഷ്ട്ര നാണയനിധിയുടെ (International Monetary Fund) ഭാഗത്തുനിന്നും സഹായം ലഭിക്കാന്‍ നാല് മാസം കൂടി എടുത്തേക്കാം. ഈ സാഹചര്യത്തില്‍ ഗുരുതരാവസ്ഥ മറികടക്കാനാണ് രാജ്യത്തിന്‍റെ ശ്രമം. ധനമന്ത്രി നിർമല സീതാരാമനും ശ്രീലങ്കന്‍ ഹൈക്കമ്മിഷനും തമ്മില്‍ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. ശേഷമാണ്, ലങ്കയുടെ അഭ്യര്‍ഥനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.
ഇന്ത്യ, ഇടപെടല്‍ ശക്തിപ്പെടുത്തും : ദുരിതമനുഭവിക്കുന്ന അയല്‍ രാജ്യത്തെ സഹായിക്കുന്നതിനായി ജപ്പാൻ പോലുള്ള സൗഹൃദ രാജ്യങ്ങളിൽ സ്വാധീനം ചെലുത്താനും ബഹുരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെടാനും ശ്രീലങ്ക, ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ഈ നിർദേശത്തോട് ഇന്ത്യൻ ധനമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധി ബാധിച്ച ശ്രീലങ്കയ്ക്ക് സഹായം സ്വരൂപിക്കാന്‍ സൗഹൃദ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ധനമന്ത്രി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന നിര്‍മല സീതാരാമനെ അടുത്തയാഴ്‌ച വാഷിങ്‌ടണ്‍ ഡി.സിയിൽവച്ച് ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി കാണുമെന്നും വിവരമുണ്ട്.