കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ഏറ്റവും പുതിയ റിലീസായ 'ജവാന്‍റെ' വൻ വിജയത്തിന് ശേഷം താരം മാസ്‌മരിക വേഷത്തിലെത്തുന്ന ചിത്രമാണ് 'ഡങ്കി'. റിലീസിനോടടുക്കുന്ന ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. 'ഡങ്കി'യുടെ വിതരണവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
'ഡങ്കി'യുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയിരിക്കുകയാണ് (Sree Gokulam Movies distribute Dunki). ഡിസംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക (Dunki Release). 'ഡങ്കി'യുടെ വിതരണം സ്വന്തമാക്കിയ വേളയില്‍ ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പ്രതികരിച്ചു.
Also Read: ഈ ഉത്സവകാലം ഹാർഡിക്കും കൂട്ടർക്കുമൊപ്പം ; 'ഡങ്കി'യുടെ പുതിയ പോസ്റ്ററുകൾ പുറത്ത്
'ഡങ്കി' വിതരണത്തിനെത്തിക്കുന്നത് തികച്ചും സന്തോഷം പകരുന്ന കാര്യമാണെന്നാണ് കൃഷ്‌ണമൂർത്തി പറയുന്നത്. 'ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജവാന് ശേഷം ഡങ്കിയും ഞങ്ങൾ തന്നെയാണ് വിതരണത്തിന് എത്തിക്കുന്നത്. ഇത് തികച്ചും സന്തോഷം പകരുന്ന കാര്യമാണ്.
ഡങ്കിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഡിസ്ട്രിബ്യൂഷൻ പാര്‍ട്‌ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. കിങ് ഖാൻ ഷാരൂഖ് ഖാനോടൊപ്പം സഹകരിച്ചു കൊണ്ട് വീണ്ടും ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഒപ്പം ഇനിയും ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയും ഞങ്ങൾക്കുണ്ട്' -കൃഷ്‌ണമൂർത്തി പറഞ്ഞു.
ഹൃദയസ്‌പര്‍ശിയായ ഒരു ചിത്രം ആയിരിക്കും 'ഡങ്കി' എന്നാണ്, സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ലണ്ടൻ, ജിദ്ദ, നിയോം, ബുഡാപെസ്‌റ്റ്, കശ്‌മീര്‍, ജബൽപൂർ, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Also Read: 'ഡിഡിഎല്‍ജെ'യിലെ രാജിനെ ഓര്‍മിപ്പിച്ച് ഹാര്‍ഡി ; ഡങ്കി ടീസര്‍ എക്‌സ് പ്രതികരണങ്ങള്‍
തപ്‌സി പന്നു ആണ് 'ഡങ്കി'യില്‍ ഷാരൂഖിന്‍റെ നായികയായി എത്തുന്നത്. ബൊമൻ ഇറാനി, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്, രാജ്‌കുമാർ ഹിറാനി ഫിലിംസ്, ജിയോ സ്‌റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഗൗരി ഖാന്‍, രാജ്‌കുമാർ ഹിറാനി, ജ്യോതി ദേശ്‌പാണ്ടെ എന്നിവര്‍ സംയുക്തമായാണ് 'ഡങ്കി'യുടെ നിർമാണം നിര്‍വഹിച്ചിരിക്കുന്നത്.
അഭിജത് ജോഷി, കനിക ധില്ലൻ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനിയും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സി കെ മുരളീധരൻ, അമിത് റോയ്, മനുഷ് നന്ദൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അമൻ പന്ത് പശ്ചാത്തല സംഗീതവും പ്രീതം സൗണ്ട് ട്രാക്കും ഒരുക്കി.
ഷാരൂഖ് ഖാന്‍റെ വന്‍ തിരിച്ചുവരവ് കൂടിയായിരുന്നു 2023. ജനുവരിയിൽ 'പഠാൻ', സെപ്റ്റംബറിൽ 'ജവാൻ', ഇനി ഡിസംബറിൽ 'ഡങ്കി'യും റിലീസിനെത്തും.
Also Read: സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം; പ്രിയപ്പെട്ടതെന്ന് ഷാരൂഖ്