ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതിയായ അഫ്‌താബ് പൂനാവാല ജയിലില്‍ നിരന്തരം ചെസ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. മോഷണ കേസില്‍ പ്രതിയായ സഹതടവുകാരോടു പോലും യാതൊന്നും സംസാരിക്കുന്നില്ലെന്നും ചിലപ്പോള്‍ ഏകാന്തതയില്‍ മുഴുകിയിരിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. അഫ്‌താബിന്‍റെ ജയിലിലെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ വളരെ കൗശലക്കാരനാണെന്നും കേസില്‍ പുതിയ വഴിത്തിരിവ് പ്രതീക്ഷിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെല്ലില്‍ ലഭ്യമായിട്ടുള്ള ചെസ്സ് ബോര്‍ഡില്‍ സഹതടവുകാര്‍ ചെസ് കളിക്കുമ്പോള്‍ അഫ്‌താബ് അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കും. ഒരു അവസരം ലഭിക്കുമ്പോള്‍ അഫ്‌താബ് തനിയെ ഇരു വശങ്ങളിലുമായി വെള്ള കരുവും കറുത്ത നിറമുള്ള കരുവും നീക്കും. ഒരു ഏക കളിക്കാരനായി ചെസിലെ ഇരു വശങ്ങളും കളിക്കുവാന്‍ അയാള്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നാണ് വിവരം.
അഫ്‌താബ് ചെസ്സില്‍ മികച്ച പ്രകടനമാണെന്ന് കാഴ്‌ചവയ്‌ക്കുന്നതെന്ന് സഹതടവുകാര്‍ പറഞ്ഞു. ഒപ്പമുള്ളവരോട് അഫ്‌താബിനെ നിരന്തരം നിരീക്ഷിക്കുവാന്‍ നിര്‍ദേശം നല്‍കി. അവരോട് അഫ്‌താബ് ഒന്നും സംസാരിക്കുന്നില്ല. മണിക്കൂറുകളാണ് അഫ്‌താബ് ചെസ് കളിയില്‍ ഏര്‍പ്പെടുന്നത്. അയാള്‍ക്കെതിരെ അയാള്‍ തന്നെ കരുക്കള്‍ നീക്കുകയാണെന്നാണ് സഹതടവുകാര്‍ നല്‍കിയ വിവരം.
അന്വേഷണത്തിന് മനശാസ്‌ത്രജ്ഞന്‍റെ സഹായം ആവശ്യമായി വന്നു: 'അന്വേഷണം നടക്കുന്ന സമയത്ത് ഞങ്ങളല്ല അഫ്‌താബാണ് കേസന്വേഷിക്കുന്നതെന്ന് തോന്നിപ്പോകും. അഫ്‌താബിന്‍റെ നിര്‍ദേശമനുസരിച്ച് ഡല്‍ഹി പൊലീസ് ഡിപ്പാര്‍ട്‌മെന്‍റ് പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നു. അയാള്‍ തന്നെ നെയ്‌തെടുത്ത കഥയില്‍ പൊലീസ് കുടുങ്ങിയെന്നത് വ്യക്തമായിരുന്നുവെന്ന്' തെളിവെടുപ്പിന്‍റെ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനാല്‍ തന്നെ അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിയുടെ മാനസിക നിലയെക്കുറിച്ചറിയാന്‍ മനശാസ്‌ത്രജ്ഞന്‍റെ സഹായം ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നു. അതിന് ശേഷം പ്രതിയെ നാർക്കോ അനാലിസിസ് പരിശോധനയ്‌ക്കും വിധേയമാക്കിയിരുന്നു. അയാളുടെ പ്രവര്‍ത്തികളെല്ലാം തന്നെ വിശ്വസിക്കാന്‍ അല്‍പം പ്രയാസകരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നിലവില്‍ ജയിലിനുള്ളിലും പുറത്തുമായി അഫ്‌താബിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിയുടെ സെല്ലിന് പുറത്തായി കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്. അഫ്‌താബിനെ ഫോറന്‍സിക്ക് പരിശോധനയ്‌ക്കായി ലാബില്‍ എത്തിച്ചപ്പോഴുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് പ്രതിയ്‌ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് െപാലീസ് വ്യക്തമാക്കി.
കൊലപാതകം ആസൂത്രിതമായിരിക്കാം..: അതേസമയം, അഫ്‌താബ് ജയിലില്‍ കഴിയുന്നത് മറ്റുള്ളവര്‍ക്കും ആപത്താണ് എന്നത് ഗൗരവമായ കാര്യമാണ്. അയാള്‍ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. അയാള്‍ ചെയ്‌ത കുറ്റകൃത്യങ്ങളില്‍ യാതൊരു വിധത്തിലുമുള്ള പശ്ചാത്താപവും കാണുന്നില്ലെന്നും ശ്രദ്ധ വാക്കറുടെ കൊലപാതകവും ചെസ് കളിയിലെന്ന പോലെ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന തരത്തിലാണ് ഇയാളുടെ പ്രവര്‍ത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2022 മെയ് 18ന് ഡല്‍ഹിയില്‍ വച്ചാണ് ശ്രദ്ധ വാക്കര്‍ കൊല്ലപ്പെടുന്നത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അഫ്‌താബ് മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ മൂന്നാഴ്‌ചയോളം സൗത്ത് ഡല്‍ഹിയിലുളള വീട്ടില്‍ സൂക്ഷിച്ചതിന് ശേഷം നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം നവംബര്‍ 12നാണ് അഫ്‌താബ് അറസ്‌റ്റിലാകുന്നത്.