ചെന്നൈ: എന്തായിരിക്കും ഇടയ്ക്കിടെ വൈദ്യുതി തടസപ്പെടാൻ കാരണം. പലവിധ ഉത്തരങ്ങള്‍ ഉണ്ടാവാം. എന്നാല്‍ തമിഴ്നാട് വൈദ്യുതിമന്ത്രിയുടെ ഉത്തരം കേട്ട് ഞെട്ടിയിരിക്കുകയാണ് സഹമന്ത്രിമാരും ജനങ്ങളും. അണ്ണാൻ വൈദ്യതി ലൈനുകളില്‍ കൂടി ഓടുന്നതാണ് വൈദ്യുതി തടസപ്പെടാൻ കാരണമെന്നാണ് മന്ത്രി മന്ത്രി വി. സെന്തിൽ ബാലാജി പറയുന്നത്. മന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം 'വെളിപ്പെടുത്തിയത്'.
മാനനഷ്ടക്കേസ് നല്‍കാൻ അണ്ണാന് കഴിയാത്തത് കൊണ്ടാവാം പിഎംകെ സ്ഥാപകനായ ഡോ.എസ് രാമദോസ് മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി. ചെന്നൈയിൽ വൈദ്യുതി തടസത്തിന്‍റെ കാരണമെന്തൊണ് എന്ന് ചോദിച്ച രാമദോസ് ചെന്നൈയിലെ മണ്ണിനടിയിലൂടെ അണ്ണാൻ ഓടുന്നതായിരിക്കും കാരണമെന്ന് കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇതാണ് ശാസ്ത്രമെന്നും ആവര്‍ത്തിച്ച് മന്ത്രിയെ പരിഹസിച്ചു.
അണ്ണാനെ മാത്രമല്ല, മുൻസര്‍ക്കാരിനെ കൂടി പഴി ചേര്‍ത്തത് കൊണ്ട് മന്ത്രി തത്ക്കാലം രക്ഷപ്പെട്ടു. മുൻസര്‍ക്കാര്‍ വേണ്ടവിധത്തില്‍ അറ്റക്കുറ്റ പണി നടത്താതിരുന്നതും വൈദ്യുതി തടസത്തിന് കാരണമാവുന്നുവെന്ന് സെന്തിൽ ബാലാജി പറഞ്ഞു. ഏതായാലും മന്ത്രിയുടെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ALSO READ: റെക്കോര്‍ഡിന് പിന്നാലെ വാക്‌സിൻ വിതരണത്തില്‍ ഗണ്യമായ കുറവ്