ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പരിപാടി ഉദ്ഘാടനം ചെയ്ത് കായികമന്ത്രി അനുരാഗ് താക്കൂർ. മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായാണ് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പദ്ധതി ആഹ്വാനം ചെയ്തിരുന്നത്. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന പരിപാടി ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും.
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ചരിത്രപ്രധാനമായ 75 സ്ഥലങ്ങളിൽ 75 കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് താക്കൂർ അറിയിച്ചു. ഒക്ടോബർ 2 വരെ ഓരോ ആഴ്ചയിലും 750 ജില്ലകളിലെ 75 ഗ്രാമങ്ങളിലായി പരിപാടികൾ തുടരും. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിൽ 30,000ത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങൾ പങ്കുചേരുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, റെയിൽവേ, എൻവൈകെഎസ്, ഐടിബിപി, എൻഎസ്ജി, എസ്എസ്ബി തുടങ്ങി വിവിധ സേനാവിഭാഗങ്ങളും വെർച്വലായി പരിപാടിയിൽ പങ്കെടുക്കും.
പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, ലാഹുൽ സ്പിതിയിലെ കസ പോസ്റ്റ്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, പഞ്ചാബിലെ അട്ടാരി അതിർത്തി എന്നിവിടങ്ങളിലുൾപ്പെടെയാണ് പരിപാടി നടക്കുക.
Also Read: രാജ്യത്ത് 40,120 കൊവിഡ് കേസുകള്‍; മുംബൈയില്‍ ആദ്യ കൊവിഡ് ഡെല്‍റ്റ പ്ലസ് മരണം