ന്യൂഡല്‍ഹി : സ്പൈസ് ജെറ്റിന്‍റെ കാണ്ട്‌ല- മുംബൈ വിമാനത്തിന്‍റെ വിന്‍ഡോ ഷീല്‍ഡിന്‍റെ പുറം ഗ്ലാസിൽ പൊട്ടൽ കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച അടിയന്തരമായി ഇറക്കിയതായി ഡിജിസിഎ. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു.
വിമാനം 23,000 അടി ഉയരത്തിൽ ആയിരുന്നപ്പോഴാണ് വിൻഡ്‌ഷീൽഡിന്‍റെ പുറം പാളി വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൈലറ്റുമാർ മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പറഞ്ഞു.
സ്‌പൈസ് ജെറ്റ് ക്യൂ 400 വിമാനം എസ് ജി 3324 ആണ് യാത്രയ്ക്കിടെ പി 2 സൈഡ് വിൻഡ്ഷീൽഡിന്റെ പുറം പാളി പൊട്ടിയ നിലയിൽ കണ്ടെത്തിയത്. മർദ്ദം സാധാരണ നിലയിലായിരുന്നു. വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറക്കിയെന്നും സ്പൈസ് ജറ്റ് അറിയിച്ചു.
ഇതോടെ കഴിഞ്ഞ 17 ദിവസത്തിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിക്കുന്ന ഏഴാമത്തെ സംഭവമാണിത്. ഇന്ന് മറ്റൊരു സംഭവത്തില്‍ ഇന്ധന ടാങ്ക് സൂചകത്തിലെ തകരാർ കാരണം സ്‌പൈസ് ജെറ്റിന്റെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. ഇന്ധന നില അറിയിക്കുന്ന ഇൻഡിക്കേറ്റർ സംവിധാനം തകരാറിലായതിനെത്തുടർന്നായിരുന്നു ഇത്.
Also Read: സൂചന ലൈറ്റിന് തകരാർ; സ്‌പൈസ് ജെറ്റിന്റെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി
ബോയിംഗ് 737 മാക്‌സ് വിമാനം ഇടത് ടാങ്കിൽ നിന്ന് ആകാശ യാത്രാമധ്യേയാണ് അസാധാരണമായ നിലയിൽ ഇന്ധനത്തിന്റെ അളവ് കുറയുന്നതായി കാണിച്ച് തുടങ്ങിയത്. ഇതോടെ വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ച് വിടുകയായിരുന്നു. നിരന്തരമായി വിമാനങ്ങള്‍ തകരാറിലാകുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.