ഹരിദ്വാർ: ഉത്തരാഖണ്ഡില്‍ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഓടിച്ച വാഹനം വിവാഹ ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ സംഭവത്തില്‍, 31 പേർക്ക് പരിക്കേറ്റു. ബാൻഡ് സംഘത്തിലെ സാഗര്‍ എന്നയാളാണ് മരിച്ചത്.
ബഹദരാബാദ് ധനോരി റോഡില്‍ ഘോഷയാത്രയിൽ നിരവധി പേർ നൃത്തം ചെയ്യുന്നതിനിടെയാണ് അമിതവേഗതയിൽ വന്ന സ്‌കോർപ്പിയോ കാർ ആളുകളെ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 10.30ന് മുന്‍പ് മാത്രമേ വിവാഹ ഘോഷയാത്ര സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്. എന്നാൽ, ബഹദരാബാദ് ധനോരി റോഡില്‍ ഘോഷയാത്ര അർധരാത്രിയിലാണ് നടന്നത്.
സഹാറൻപൂർ ജില്ലയിലെ ഭാരതീയ കിസാൻ യൂണിയൻ സെക്രട്ടറിയാണ് കാർ ഓടിച്ചിരുന്നത്. വിവാഹ ചടങ്ങില്‍ ഉണ്ടായിരുന്നവര്‍ കാറിലുണ്ടായിരുന്നവരെ മർദിച്ചു. വാഹനത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും എല്ലാവരും മദ്യപിച്ച നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനത്തിന് ഇരയായ കാര്‍ ഓടിച്ചിരുന്ന നേതാവും സുഹൃത്തുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം കാര്‍ പൂര്‍ണമായും തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.