അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചതിനെ തുടര്‍ന്ന് അടുത്ത ഊഴം ആര്‍ക്കെന്ന സജീവ ചര്‍ച്ചയിലാണ് സംസ്ഥാനം. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, സംസ്ഥാന കൃഷി മന്ത്രി ആർ.സി ഫൽദു, കേന്ദ്ര മന്ത്രിമാരായ പുരുഷോത്തം രുപാല, മൻസുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് ഉയരുന്നത്.
എന്നാൽ, ഇക്കാര്യത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം വ്യക്തത വരുത്താന്‍ തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മുഖ്യനെ തീരുമാനിക്കുമെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്‌റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
അടുത്ത മുഖ്യമന്ത്രി ഒരു പാട്ടിദാർ ആയിരിക്കണമെന്ന് സമുദായ നേതാക്കൾ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയാണെങ്കില്‍ നിതിന്‍ പട്ടേലോ മാണ്ഡവ്യയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
രാജി ഭിന്നാഭിപ്രായത്തെ തുടര്‍ന്നെന്ന് സൂചന
ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ മന്ത്രിസഭയിലെ മറ്റ് മുതിർന്ന മന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം ഗവർണറുടെ വസതിയിലെത്തി രാജിനല്‍കുകയായിരുന്നു വിജയ് രൂപാണി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രത്‌നാകറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍റെ ചുമതലയിലുള്ള ഭൂപേന്ദ്ര യാദവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
2022 ല്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. മുഖ്യമന്ത്രിയ്‌ക്കെതിരെ മന്ത്രിസഭയിലും ബി.ജെ.പിയിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന.
ALSO READ: രാജിവച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ; അപ്രതീക്ഷിത നീക്കം