ലാഹോല്‍ സ്‌പിതി (ഹിമാചല്‍ പ്രദേശ്): രാജ്യത്തിന്‍റെ പലഭാഗത്തും 5ജി നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമായിത്തുടങ്ങി. നെറ്റ്‌വര്‍ക്കിന്‍റെ വേഗതയും മികച്ച നെറ്റ്‌വര്‍ക്ക് ദാതാക്കളെയും ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെങ്ങും നടക്കുമ്പോള്‍ ആദ്യമായി മൊബൈല്‍ ടവര്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് ലാഹോല്‍ സ്‌പിതി ജില്ലയും പ്രത്യേകിച്ച് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ ഒന്നായ ഇവിടേക്ക് മെബൈല്‍ ടവറും ടെലിഫോണും എത്തിയതില്‍ വിദ്യാര്‍ഥികളെക്കാള്‍ ഏറെ സന്തോഷിക്കുന്നതാവട്ടെ സംസ്ഥാനത്തിന്‍റെ പലഭാഗത്തായി ജീവിക്കുന്ന ഇവരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ്.
പഠനകാലത്തുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വിദ്യാര്‍ഥികളില്‍ വിപരീതമായി ഭവിക്കാറുണ്ടെന്ന് ലോകത്ത് എല്ലായിടത്തും ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാദമാണ്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഇതിന്‍റെ ദൂഷ്യഫലങ്ങളും അത്രകണ്ട് വര്‍ധിച്ചുവെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ സ്‌മാര്‍ട് ഫോണോ, മൊബൈല്‍ ഫോണോ എന്നല്ല വിദൂരത്തുള്ള കുടുംബത്തോടും ബന്ധുക്കളോടും ടെലിഫോണ്‍ ബന്ധം പോലും സാങ്കേതികമായി സാധ്യമല്ലാത്തവരുണ്ട് എന്നതും ഇതിനൊപ്പം പരിഗണിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഒരിടമാണ് ലാഹോല്‍ സ്‌പിതിയില്‍ സ്ഥിതി ചെയ്യുന്ന നവോദയ വിദ്യാലയം.
കാത്തിരുന്നു കിട്ടിയ ഫോണ്‍: മറ്റ് പ്രദേശങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കുടുംബവുമായി ഫോണില്‍ ബന്ധപ്പെടാവുന്നതാണ്. എന്നാല്‍ കൊടും മഞ്ഞ് മൂടിയ ലാഹോല്‍ സ്‌പിതിയിലെ ഏകദേശം 11 ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നവോദയ സ്‌കൂളില്‍ ഇത് സാധ്യമല്ല. ടിബറ്റന്‍ ബോര്‍ഡറില്‍ നിന്ന് 12 കിലോമീറ്റർ മാത്രം അകലെയായി മഞ്ഞ് മൂടിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഏറ്റവും അടുത്തുള്ള ഗ്രാമം പോലും ഏതാണ്ട് എട്ട് കിലോമീറ്റര്‍ അകലെയാണ്. ഇത്തരത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ സ്‌കൂളിലാണ് നിലവില്‍ ടെലിഫോണ്‍ സൗകര്യം ലഭ്യമായിരിക്കുന്നത്.
വെറും ഫോണല്ല: വിദ്യാലയത്തില്‍ നിലവില്‍ അഞ്ച് ടെലിഫോണ്‍ ബോക്‌സുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മൊബൈൽ ടവറുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഫോണിന്‍റെ പ്രവര്‍ത്തനമാവട്ടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. അതായത് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച കാര്‍ഡുകല്‍ ഉപയോഗിച്ച് അവര്‍ക്ക് അവരുടെ ഉറ്റബന്ധുക്കളുമായി സംവദിക്കാനാവും.
എന്നാല്‍ ഇവിടെയുമുണ്ട് നിയന്ത്രണം. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളില്‍ മാതാവ്, പിതാവ്, മറ്റൊരു ബന്ധു എന്നീ മൂന്ന് നമ്പറുകള്‍ മാത്രമെ ബന്ധിപ്പിക്കുകയുള്ളു. ഇവ കൂടാതെ മറ്റൊരു നമ്പറിലേക്ക് വിദ്യാര്‍ഥിക്ക് ബന്ധപ്പെടാനാവില്ല. മാത്രമല്ല ബന്ധുക്കള്‍ക്ക് ഇവര്‍ ഉള്‍പ്പടെയുള്ള ആര്‍ക്കും തന്നെ വിദ്യാര്‍ഥികളെ തിരിച്ച് അങ്ങോട്ട് ഫോണില്‍ ബന്ധപ്പെടാനുമാവില്ല.
റീചാര്‍ജ് സൗകര്യം: ഫോണ്‍ കോളിന് മിനിറ്റിന് ഒരു രൂപയാണ് ഈടാക്കുക. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള കാര്‍ഡിലേക്ക് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം മാതാപിതാക്കള്‍ക്കുള്ളതാണ്. മാതാപിതാക്കള്‍ റിചാര്‍ജ് ചെയ്യുന്ന ഈ തുക അനുസരിച്ച് മക്കള്‍ക്ക് ബന്ധുക്കളോട് ഫോണ്‍ മുഖേന സംസാരിക്കാന്‍ കഴിയും.
നിലവിൽ 200 വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ എല്ലാവർക്കും ചിപ്പ് ഘടിപ്പിച്ച കാർഡ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിക്കുമ്പോള്‍ ഇത് പരിഗണിച്ച് കാര്‍ഡുകളുടെ എണ്ണം 500 ആക്കുമെന്നും പ്രധാനാധ്യാപകന്‍ സഞ്ജയ് റാഹി അറിയിച്ചു. നിലവില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്‌റ്റലില്‍ ഓരോന്നു വീതവും അക്കാദമിക് റൂമിൽ മൂന്ന് ടെലിഫോൺ ബോക്‌സുകളുമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എയർടെൽ ടെലികോം കമ്പനിയുമായുള്ള ധാരണയിലാണ് ജവഹർ നവോദയ സ്കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി ടെലിഫോണ്‍ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും പ്രധാനാധ്യാപകന്‍ സഞ്ജയ് റാഹി കൂട്ടിച്ചേര്‍ത്തു.
കാറ്റടിച്ചാല്‍ വീഴുന്ന ഫോണുകള്‍: നേരത്തെ സ്‌കൂളില്‍ ടെലിഫോണ്‍ സൗകര്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍ കടുത്ത മഞ്ഞായതിനാല്‍ മിക്കപ്പോഴും ഇവ പ്രവര്‍ത്തനരഹിതമായിരിക്കും. ഈ സമയത്ത് അധ്യാപരുടെയും ചുരുക്കം ചില വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നാണ് ഇവര്‍ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്.
എന്നാല്‍ നിലവില്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുപയോഗിച്ച് വിളിക്കാവുന്ന ഹൈ ടെക്ക് ഫോണ്‍ എത്തിയതോടെ ഈ പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയുമെല്ലാം വിശ്വാസം.