ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം (Special parliament session) ആരംഭിക്കാനിരിക്കെ തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി (BJP issues a line whip). സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം. പാര്‍ലമെന്‍റിന്‍റെ 75 വര്‍ഷം (75 years of Indian parliament), ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് (One nation one election) തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നേക്കാവുന്ന സാഹചര്യത്തിലാണ് പാർലമെന്‍റിന്‍റെ ഇരു സഭകളിലും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന വിപ്പ്, തങ്ങളുടെ എംപിമാര്‍ക്ക് നല്‍കിയത്.
'സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള, അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കണം. ഈ കാലയളവില്‍ നടക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമാവണം.' - ബിജെപി, എംപിമാര്‍ക്ക് നൽകിയ വിപ്പിൽ പറയുന്നു. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിന് മുന്‍പ്, 17ാം തിയതി കേന്ദ്ര സര്‍ക്കാര്‍ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരം കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ത്യയെ ഭാരതാക്കാന്‍ നീക്കം; മിണ്ടാതെ കേന്ദ്ര സര്‍ക്കാര്‍: അടിയന്തരമായി വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ 'ഇന്ത്യ' എന്ന പേര് മാറ്റി ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് ഉയര്‍ന്നിരുന്നു. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരാനും നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള വൃത്തങ്ങള്‍ ഇടിവി ഭാരതിനെ അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിനെ, ഭാരത് പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ചതോടെയാണ് രാജ്യത്തിന്‍റെ പേര് ഉടന്‍ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്. ഇതോടെ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന രാജ്യത്തിന്‍റെ പേര് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' ആക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നുവെന്ന അഭ്യൂഹം പടര്‍ന്നു. ഇതുവരെ രാഷ്‌ട്ര തലവന് ഔദ്യോഗികമായി 'ഇന്ത്യൻ പ്രസിഡന്‍റ്' എന്ന വിശേഷണമാണുണ്ടായിരുന്നത്.
'ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണം': പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്ത് നല്‍കിയിരുന്നു. താങ്ങുവില മുതല്‍ അദാനിയും ചൈനീസ് കടന്നുകയറ്റവും വരെയുള്ള ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.