ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന്(21.07.2022) ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസിൽ ഹാജരാകാനാണ് നിർദേശം. സോണിയ ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഇന്ന് ശക്തമായി പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം.
കോൺഗ്രസ് നേതാക്കളും എഐസിസി അംഗങ്ങളും സോണിയ ഗാന്ധിയെ അനുഗമിച്ച് ഇഡി ഓഫിസിലേക്ക് നീങ്ങും. ജൂൺ 8 നും പിന്നീട് ജൂൺ 21 നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാനായിരുന്നു സോണിയ ഗാന്ധിക്ക് ഇഡി നോട്ടിസ് അയച്ചത്. എന്നാൽ, കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയ ഇഡിക്ക് മുന്നിൽ എത്തിയിരുന്നില്ല.
കേസിൽ ഇഡി കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ പലതവണ ചോദ്യം ചെയ്‌തിരുന്നു. അഞ്ച് ദിവസങ്ങളിലായാണ് ചോദ്യം ചെയ്യൽ നടത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ കോണ്‍ഗ്രസ് നേതാവ് മല്ലിഖാര്‍ജുൻ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
അസോസിയറ്റ് ജേണൽ ലിമിറ്റഡിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 2013ല്‍ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടുന്ന ഗാന്ധി കുടുംബത്തിന്‍റേതാണ് യങ് ഇന്ത്യന്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും. 90.25 കോടി വിലയുള്ള നാഷണൽ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ വെറും 50 ലക്ഷം കൊടുത്താണ് യങ് ഇന്ത്യൻ വാങ്ങിയതെന്ന് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു.
Also read: ചോദ്യം ചെയ്യല്‍ 40ലേറെ മണിക്കൂര്‍, ഈയാഴ്ച ഇ.ഡി രാഹുലിന് വിശ്രമം അനുവദിച്ചേക്കും
കേസില്‍ മറുപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി കോടതി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ സ്വാമിയുടെ പരാതി അടിസ്ഥാന രഹിതമാണെന്നും, ബിജെപി സര്‍ക്കാര്‍ രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സ്വാതന്ത്യ്ര സമരകാലത്ത് നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിക്കുന്നത്.
കോണ്‍ഗ്രസിന്‍റെ മുഖ പത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രവര്‍ത്തനം 2008ല്‍ നിലച്ചിരുന്നു. ഇതിന് ശേഷമാണ് യങ് ഇന്ത്യൻ പത്രം ഏറ്റെടുക്കുന്നത്.