ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ പദ്ധതിയെക്കുറിച്ച് രാജസ്ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്‌ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രശാന്ത് കിഷോർ കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരുമായി സോണിയ ഗാന്ധി ചർച്ച നടത്തിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എങ്ങനെ പുനരുജ്ജീവിപ്പിക്കണം എന്നതിനെക്കുറിച്ച് കിഷോർ ആദ്യമായി വിശദമായ അവതരണം നടത്തിയ ഏപ്രിൽ 16 മുതൽ, മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി നടത്തുന്ന യോഗങ്ങളുടെ തുടർച്ചയാണ് ഇരുവരുമായുള്ള ചർച്ച.
ഹിന്ദി സംസാരിക്കുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ പാർട്ടി സർക്കാരുകളെ നയിക്കുന്നതുകൊണ്ട് മാത്രമല്ല, 2023ൽ ഇരുസംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതിനാലും ഗെലോട്ടും ബാഗേലും കോൺഗ്രസ് നേതൃത്വത്തിന് നിർണായക വ്യക്തികളാണ്. നിലവിൽ രാജസ്ഥാനും ഛത്തീസ്‌ഗഡും മാത്രമാണ് കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. മഹാരാഷ്‌ട്ര, ജാർഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ പാർട്ടി അധികാരം പങ്കിടുന്നു.
പ്രശാന്ത് കിഷോർ 'ബ്രാൻഡ്' : 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ പ്രചാരണത്തിൽ ബന്ധപ്പെട്ടിരുന്നതിനാൽ നേരത്തേ തന്നെ പ്രശാന്ത് കിഷോർ രാജ്യത്തെ ഒരു വലിയ ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്ന് ഗെലോട്ട് അഭിപ്രായപ്പെട്ടു. പിന്നീട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു സർക്കാരിനോടൊപ്പവും ശേഷം 2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഉപദേഷ്‌ടാവായും അദ്ദേഹം മാറി.
കിഷോറിന്‍റെ അനുഭവപരിചയത്തിൽ നിന്നും തങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കാമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിൽ യോഗം ആരംഭിക്കുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ ഈ സുപ്രധാന പരാമർശങ്ങൾ. പാർട്ടി മുതിർന്ന നേതാവ് എം.വീരപ്പ മൊയ്‌ലി കിഷോറിന്‍റെ കോൺഗ്രസ് പ്രവേശനത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ പരാമർശങ്ങൾക്ക് പ്രാധാന്യം ലഭിച്ചത്.
കിഷോറിനെതിരായവർ പരിഷ്‌കരണ വിരുദ്ധർ : കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്താൻ സോണിയ ഗാന്ധിക്ക് താൽപര്യമുണ്ടെന്ന് അവകാശപ്പെട്ട മൊയ്‌ലി, ആ ആശയത്തെ എതിർക്കുന്നവരെ പരിഷ്‌കരണ വിരുദ്ധർ എന്നും വിശേഷിപ്പിച്ചു. ജി 23 നേതാക്കളിൽ ഒരാൾ കൂടിയായ അദ്ദേഹം 2020ൽ എല്ലാ പാർട്ടി സ്ഥാനങ്ങളിലേക്കും ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രശാന്ത് കിഷോർ നിർദേശിച്ച പുനരുജ്ജീവന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തുവരികയാണ്. എകെ ആന്‍റണി, അംബിക സോണിയ, മല്ലികാർജുൻ ഖാർഗെ, പി. ചിദംബരം, ദിഗ്‌വിജയ് സിങ്, കമൽനാഥ്, ജയറാം രമേഷ്, അജയ് മാക്കൻ, മുകുൾ വാസ്‌നിക്, കെ.സി വേണുഗോപാൽ എന്നിവരും കിഷോറിന്‍റെ നിർദേശങ്ങൾ അവലോകനം ചെയ്തു.
അവലോകന യോഗങ്ങൾ പൂർത്തിയായാൽ, കിഷോറിന്‍റെ പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ചും അദ്ദേഹത്തെ പാർട്ടി നേതാവായി ഉൾപ്പെടുത്തണമോ അതോ കൺസൾട്ടന്‍റായി നിയമിക്കണമോ എന്നതിനെ കുറിച്ചും നേതാക്കൾ കോൺഗ്രസ് മേധാവിയെ ഉപദേശിക്കും. എന്നാൽ വിഷയത്തിൽ അന്തിമ വിധി സോണിയ ഗാന്ധിയിൽ നിന്നായിരിക്കും.