ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ (Parliament Special Session) രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (Narendra Modi) മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) കത്ത്. താങ്ങുവില മുതല്‍ അദാനിയും (Adani) ചൈനീസ് കടന്നുകയറ്റവും വരെയുള്ള ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ സോണിയ ഗാന്ധി (Sonia Gandhi letter to PM) ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഒരു കക്ഷികളോടും കൂടിയാലോചിക്കാതെ നിശ്ചയിച്ചതാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അജണ്ട എന്താണെന്ന് പോലും ഞങ്ങള്‍ക്കറിയില്ലെന്നും സോണിയ കത്തില്‍ ആരോപിക്കുന്നു. കത്തില്‍ സോണിയ ഗാന്ധി ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇവയാണ്:
- രാജ്യത്തെ സാമ്പത്തിക സാഹചര്യം കാരണം ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. അവശ്യ സാധനങ്ങള്‍ക്ക് താങ്ങാനാവാത്ത വിലക്കയറ്റമാണ്. തൊഴിലില്ലായ്‌മയും വര്‍ധിച്ചിരിക്കുന്നു. ഇക്കാര്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം.
- കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതടക്കം കര്‍ഷകരും കര്‍ഷക സംഘടനകളും മുന്നോട്ടുവയ്‌ക്കുന്ന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച അനുവദിക്കണം.
- അദാനി ഗ്രൂപ്പ് നടത്തിയതായി പറയപ്പെടുന്ന സാമ്പത്തിക തിരിമറിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുക.
- മണിപ്പൂര്‍ ജനത നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംസ്ഥാനത്ത് നടക്കുന്ന ഭരണഘടന ലംഘനങ്ങളെക്കുറിച്ചും സമുദായ സൗഹാര്‍ദ്ദം തകര്‍ക്കപ്പെട്ടതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണം.
- ഹരിയാന പോലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ച് ചര്‍ച്ച അനുവദിക്കണം.
- ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയ ചൈനീസ് സേനയുടെ നടപടിയെക്കുറിച്ചും അരുണാചല്‍ പ്രദേശിലും ലഡാക്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ ശത്രുക്കള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നതിനെക്കുറിച്ചും ചര്‍ച്ച അനുവദിക്കുക.
- ജാതി സെന്‍സസ് അടിയന്തരമായി നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച അനുവദിക്കുക.
- കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ വിള്ളലുകളെക്കുറിച്ച് ചര്‍ച്ച അനുവദിക്കുക.
- അതിവര്‍ഷം കാരണം ചില സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മറ്റു ചില സംസ്ഥാനങ്ങളിലെ വരള്‍ച്ച സാഹചര്യത്തെക്കുറിച്ചും ചര്‍ച്ച വേണം.
ഏത് പാര്‍ട്ടി ഭരിച്ചാലും പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം ആരായുക എന്നത് പതിവാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ആരേയും അറിയിക്കാതെയാണ് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചതെന്നും സോണിയ കത്തില്‍ കുറ്റപ്പെടുത്തി. വനിത സംവരണ ബില്‍ പാസാക്കണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ മുന്നണി എംപിമാരുടേയും നേതാക്കളുടേയും യോഗം നടന്നിരുന്നു.